ചിതൽപ്പുറ്റുകൾ

Termite Mound അഥവാ “ചിതൽപ്പുറ്റുകൾ”

ചിതൽപ്പുറ്റുകൾ എന്നത് പേര് സൂചിപ്പിക്കുന്നതു പോലെ ചിതൽപ്പുറ്റുകൾ (Termite Mound അല്ലെങ്കിൽ Ant Hill) ചിതലുകൾ (Termite) ഉണ്ടാക്കുന്നത് ആണ്.ചിതൽപ്പുറ്റുകൾ പരിശോധിച്ചാൽ ചിതലുകൾ നല്ല രീതിയിലുള്ള എഞ്ചിനീയറിംഗ് പ്രതിഭ ഉള്ളവരാണെന്ന് നമുക്ക് മനസ്സിലാക്കാം. മഴയത്തും, ചെറിയ തോതിലുള്ള പ്രകൃതി ക്ഷോഭങ്ങളിലും ഒന്നും നശിക്കാത്ത രീതിയിലും, നല്ല രീതിയിൽ ഉള്ളിലേക്ക് വായൂ സഞ്ചാരം കിട്ടത്തക്ക രീതിയിലും ആണ് ഇവയുടെ രൂപകൽപ്പന. വേണമെങ്കിൽ ഇതിനെ ഹരിത ഗൃഹങ്ങൾ എന്ന് പറയാം. നല്ല മൃദുവായ കളിമണ്ണിൽ ഉമിനീർ കലർത്തിയാണ് ചിതലുകൾ ഇവയുണ്ടാക്കുന്നത്. കണ്ടാൽ ചിതലുകൾക്ക് ഉറുമ്പുകളുടെ രൂപ സാദൃശ്യം ഉണ്ടെങ്കിലും ഇവയ്ക്ക് ഉറുമ്പുകളുമായി യാതൊരു ബന്ധവുമില്ല.

പാറ്റകളുടെ വർഗ്ഗത്തിൽ പെടുന്ന Isoptera വിഭാഗത്തിൽ പെടുന്നവയാണ് ഇവർ. ഏകദേശം മൂവായിരത്തോളം തരം ചിതലുകളെ കണ്ടെത്തിയിട്ടുണ്ട്. തേനീച്ചകളിലെ പോലെ ‘രാജാവ്’, രാജ്ഞി, ജോലിക്കാർ, പടയാളികൾ എന്നിങ്ങനെ പല അധികാര ശ്രേണിയിൽ ആണ് ഇവയുടെ ചിതൽപ്പുറ്റിലുള്ള ജീവിതം.
എല്ലാത്തരം ചിതലുകളും പല രീതിയിൽ ഉള്ള പുറ്റുകൾ ഉണ്ടാകാറുണ്ടെങ്കിലും, പലതും ഭൂമിക്ക് അടിയിൽ അല്ലെങ്കിൽ അത്ര ഉയരത്തിൽ ആയിരിക്കില്ല നിർമ്മിക്കുക.സങ്കീർണ്ണമായ പുറ്റുകൾ ഉണ്ടാക്കുന്ന ചിതൽ വിഭാഗമാണ് Macrotermes. ഒൻപത് മീറ്റർ ഉയരമുള്ള ചിതൽപ്പുറ്റുകൾ വരെ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് ഇത്രയും സങ്കീർണ്ണമായ പുറ്റുകൾ ഉണ്ടാക്കാൻ പറ്റുന്നത് എങ്ങിനെ എന്ന് ധാരാളം പഠന വിധേയമാക്കിയ കാര്യമാണ്.

ചിലതരം ‘ഫിറോമോണുകൾ’ ആണ് ഇവയെ ഇതുപോലെ നിർമ്മിക്കാൻ ഉത്തേജനം നൽകുന്നത് എന്ന് ചില ശാസ്ത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ചിതൽപ്പുറ്റുകൾക്ക് മുൻപിൽ നൂറും ,പാലും വച്ച് ആരാധന നടത്തുന്നത് ഒക്കെ ചിലപ്പോൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും. എന്നാൽ, പാമ്പുകൾക്ക് ചിതൽപ്പുറ്റുകൾ ഉണ്ടാക്കുന്നതുമായി ഒരു ബന്ധവും ഇല്ല. ഇത് പാമ്പുകൾക്ക് സഹവസിക്കുവാനായി ഉണ്ടാക്കുന്നതും അല്ല. പക്ഷെ, ഉപേക്ഷിക്കപ്പെട്ട ചിതൽപ്പുറ്റുകളിൽ ചിലതിൽ പാമ്പുകൾ താമസിക്കാനും,
മുട്ടയിടുവാനായി ഉപയോഗിക്കും.
അത് ചിതൽപ്പുറ്റുകൾ ഉണ്ടായി വർഷങ്ങൾ കഴിഞ്ഞാവും. പുതിയതായി ഉണ്ടായ ചിതൽപ്പുറ്റുകളിൽ പാമ്പുകൾ വരാനുള്ള സാധ്യത ഇല്ല. പാമ്പുകൾ മാത്രമല്ല, തേളുകൾ, പാറ്റകൾ ഉൾപ്പെടെയുള്ള പല ജീവികളും ഇതുപോലെ ചിതലുകൾ ഉപേക്ഷിക്കപ്പെട്ട പുറ്റുകളിൽ താമസിക്കാറുണ്ട്.

സുരേഷ് സി പിള്ള.

Leave a comment