ദിവ്യബലി വായനകൾ The Birthday of Saint John the Baptist – Mass of the Day

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 24/6/2021

The Birthday of Saint John the Baptist – Mass of the Day 
(see also Vigil Mass)

Liturgical Colour: White.

 


These readings are for the day of the feast itself:

സമിതിപ്രാര്‍ത്ഥന

ദൈവമേ, കര്‍ത്താവായ ക്രിസ്തുവിനുവേണ്ടി
പരിപൂര്‍ണമായ ഒരു ജനത്തെ ഒരുക്കാന്‍
വിശുദ്ധ സ്‌നാപകയോഹന്നാനെ അങ്ങ് നിയോഗിച്ചുവല്ലോ.
അങ്ങേ ജനത്തിന് ആത്മീയാനന്ദത്തിന്റെ കൃപ നല്കുകയും
എല്ലാ വിശ്വാസികളുടെയും ഹൃദയങ്ങള്‍
രക്ഷയുടെയും സമാധാനത്തിന്റെയും മാര്‍ഗത്തിലൂടെ
നയിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 49:1a-6
എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും. കര്‍ത്തൃദാസന്റെ രണ്ടാം ഗാനം.

തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു. എന്റെ നാവിനെ അവിടുന്ന് മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്റെ കൈയുടെ നിഴലില്‍ അവിടുന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്രമാക്കി, തന്റെ ആവനാഴിയില്‍ അവിടുന്ന് ഒളിച്ചുവച്ചു. ഇസ്രായേലേ, നീ എന്റെ ദാസനാണ്, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്തു. ഞാന്‍ പറഞ്ഞു: ഞാന്‍ വ്യര്‍ഥമായി അധ്വാനിച്ചു; എന്റെ ശക്തി വ്യര്‍ഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അവകാശം കര്‍ത്താവിലും പ്രതിഫലം ദൈവത്തിലുമാണ്. യാക്കോബിനെ തിരികെ കൊണ്ടുവരാനും ഇസ്രായേലിനെ തന്റെ അടുക്കല്‍ ഒന്നിച്ചു ചേര്‍ക്കാനും ഗര്‍ഭത്തില്‍ വച്ചുതന്നെ എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, കര്‍ത്താവ് എന്നെ ആദരിക്കുകയും എന്റെ ദൈവം എനിക്കു ശക്തി ആവുകയും ചെയ്തിരിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: യാക്കോബിന്റെ ഗോത്രങ്ങളെ ഉയര്‍ത്താനും ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീ എന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 139:1b-3,13-14ab,14c-15

കര്‍ത്താവേ, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചതിനു ഞാന്‍ നന്ദി പറയുന്നു.

കര്‍ത്താവേ, അവിടുന്ന് എന്നെ
പരിശോധിച്ചറിഞ്ഞിരിക്കുന്നു.
ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും
അവിടുന്ന് അറിയുന്നു;
എന്റെ വിചാരങ്ങള്‍ അവിടുന്ന്
അകലെനിന്നു മനസ്സിലാക്കുന്നു.
എന്റെ നടപ്പും കിടപ്പും
അങ്ങു പരിശോധിച്ചറിയുന്നു;
എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.

കര്‍ത്താവേ, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചതിനു ഞാന്‍ നന്ദി പറയുന്നു.

അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്;
എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു.
ഞാന്‍ അങ്ങയെ സ്തുതിക്കുന്നു;
എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു.

കര്‍ത്താവേ, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചതിനു ഞാന്‍ നന്ദി പറയുന്നു.

അവിടുത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്.
എനിക്കതു നന്നായി അറിയാം.
ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു
സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍,
എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.

കര്‍ത്താവേ, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചതിനു ഞാന്‍ നന്ദി പറയുന്നു.

രണ്ടാം വായന

അപ്പോ. പ്രവ. 13:22-26
യോഹന്നാന്‍ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചു.

പൗലോസ് പറഞ്ഞു: അനന്തരം സാവൂളിനെ നീക്കംചെയ്തിട്ട് ദാവീദിനെ അവരുടെ രാജാവായി അവിടുന്ന് ഉയര്‍ത്തി. അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്സെയുടെ പുത്രനായ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അവന്‍ എന്റെ ഹിതം നിറവേറ്റും. വാഗ്ദാനം ചെയ്തിരുന്നതുപോലെ ഇവന്റെ വംശത്തില്‍ നിന്ന് ഇസ്രായേലിനു രക്ഷകനായി യേശുവിനെ ദൈവം ഉയര്‍ത്തിയിരിക്കുന്നു. അവന്റെ ആഗമനത്തിനുമുമ്പ് യോഹന്നാന്‍ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചു. തന്റെ ദൗത്യം അവസാനിക്കാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ആരെന്നാണ് നിങ്ങളുടെ സങ്കല്‍പം? ഞാന്‍ അവനല്ല; എന്നാല്‍ ഇതാ, എനിക്കുശേഷം ഒരുവന്‍ വരുന്നു. അവന്റെ പാദരക്ഷ അഴിക്കാന്‍ ഞാന്‍ യോഗ്യനല്ല.
സഹോദരരേ, അബ്രാഹത്തിന്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 1:57-66,80
യോഹന്നാന്‍ എന്നാണ് അവന്റെ പേര്.

എലിസബത്തിനു പ്രസവസമയമായി; അവള്‍ ഒരു പുത്രനെ പ്രസവിച്ചു. കര്‍ത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു.
എട്ടാംദിവസം അവര്‍ ശിശുവിന്റെ പരിച്‌ഛേദനത്തിനു വന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം. അവര്‍ അവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ. ശിശുവിന് എന്ത് പേരു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്റെ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു. അവന്‍ ഒരു എഴുത്തുപലക വരുത്തി അതില്‍ എഴുതി: യോഹന്നാന്‍ എന്നാണ് അവന്റെ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു. തത്ക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി; യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.
ശിശു വളര്‍ന്നു, ആത്മാവില്‍ ശക്തിപ്പെട്ടു. ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവന്‍ മരുഭൂമിയിലായിരുന്നു.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ലോകരക്ഷകനായ അങ്ങയെ,
വരാനിരിക്കുന്നവനായി പ്രഖ്യാപിക്കുകയും
ആഗതനായവനായി ചൂണ്ടിക്കാണിക്കുകയുംചെയ്ത
സ്‌നാപകയോഹന്നാന്റെ ജന്മദിനം
ഉചിതമായ വണക്കത്തോടെ ആഘോഷിച്ചുകൊണ്ട്,
അങ്ങേ അള്‍ത്താരയില്‍
ഈ കാഴ്ചദ്രവ്യങ്ങള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന്
ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 1:78

നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംവഴി,
ഉയരങ്ങളില്‍ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകുഞ്ഞാടിന്റെ വിരുന്നാല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വരാനിരിക്കുന്ന അവിടത്തെ, മുന്‍കൂട്ടി പ്രഖ്യാപിച്ച
വിശുദ്ധ സ്‌നാപകയോഹന്നാന്റെ ജനനത്തില്‍
ആഹ്ളാദിക്കുന്ന അങ്ങേ സഭ,
അവളുടെ നവജന്മത്തിന്റെ ഉടയവനായി
അവിടത്തെ തിരിച്ചറിയുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങ്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment