Vanakkamasam of Mary – May 12

പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസം

പന്ത്രണ്ടാം  തീയതി

Mother Mary PNG 16

“ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു” (ലൂക്കാ 1:30).

ദൈവതിരുമനസ്സിനോടുള്ള പരിശുദ്ധ കന്യകയുടെ വിധേയത്വം

പരിശുദ്ധ കന്യക ദൈവത്തോട് കന്യാത്വം നേരത്തെ വാഗാദാനം ചെയ്തിട്ടുണ്ടായിരുന്നു. ദൈവദൂതന്‍ പരിശുദ്ധ കന്യകയെ സമീപിച്ചു കൊണ്ട് ദൈവികമായ ദൗത്യം അവളെ അറിയിച്ചു. “നന്മ നിറഞ്ഞവളെ, നിനക്കു സ്വസ്തി, സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളെ കര്‍ത്താവ് നിന്നോടുകൂടെ” എന്ന അഭിവാദനം കേട്ടപ്പോള്‍ പരിശുദ്ധ അമ്മ അസ്വസ്ഥയായി.

കന്യകയായ തനിക്ക് എങ്ങനെ ഇത് സംഭവിക്കുമെന്ന് പരിശുദ്ധ അമ്മ ദൂതനോടു ചോദിച്ചു. ദൂതന്‍ ഉത്തരമായി പറഞ്ഞു: “പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ഇതിനാല്‍ നിന്നില്‍നിന്നു പിറക്കുന്നവന്‍ പരിശുദ്ധനാകുന്നു. അവന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടുകയും ചെയ്യും”.

മറിയം പറഞ്ഞു: “ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്കു പോലെ എന്നില്‍ സംഭവിക്കട്ടെ.” മേരി എത്രമാത്രം ദൈവതിരുമനസ്സിനു വിധേയയായിരുന്നു എന്ന്‍ നമുക്ക് ഈ വാക്കുകളില്‍ നിന്ന്‍ മനസ്സിലാക്കാം. ലോകപരിത്രാതാവിനോടൊപ്പം അനേകം യാതനകള്‍ അനുഭവിക്കേണ്ടതായി വരുമെന്നറിഞ്ഞിട്ടും അങ്ങേ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്നു പറയുവാന്‍ അവള്‍ സന്നദ്ധയായി.

ഈജിപ്തിലേക്കുള്ള പ്രവാസവും പ്രത്യാഗമനവും നസ്രസിലെ വിനീതമായ ജീവിതവും ദാരിദ്ര്യ ക്ലേശങ്ങളുമെല്ലാം അനുഭവിക്കാന്‍ അവള്‍ ഒരുക്കമായിരുന്നു. മിശിഹായുടെ പരസ്യ ജീവിതത്തിലും പീഡാസഹനത്തിലും കാല്‍വരിയിലും അവള്‍ “നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ” എന്ന വാക്കുകള്‍ ആവര്‍ത്തിച്ചിട്ടുണ്ടാകണം.

ഒരിക്കല്‍ ഈശോ ജനക്കൂട്ടത്തോടു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അവിടുത്തെ ദിവ്യജനനിയും സഹോദരിമാരും വന്നു, പുറത്തു നിന്നുകൊണ്ട് അവിടത്തോട് സംസാരിക്കുവാന്‍ താത്പര്യപ്പെട്ടു. “ഇതാ, നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തു നില്‍ക്കുന്നു. നിന്നോട് സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു.” ഒരു മനുഷ്യന്‍ ചെന്ന്‍ ഈശോയോട് പറഞ്ഞു. യേശുവിന്റെ മറുപടി ഇപ്രകാരമായിരിന്നു, “ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടി കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” (വി.മത്തായി 12:48-50).

പരിശുദ്ധ കന്യകയുടെ മഹത്വത്തിനുള്ള യഥാര്‍ത്ഥമായ കാരണം അവളുടെ ദൈവതിരുമനസ്സിനോടുള്ള വിധേയത്വമാണെന്നു മിശിഹാ ഇവിടെ വ്യക്തമാക്കുന്നു. കൂടാതെ നാം ഓരോരുത്തരും ദൈവതിരുമനസ്സ് നിവര്‍ത്തിക്കുമ്പോള്‍ ഈശോയുമായി നമുക്ക് ഒരു നവ്യമായ ബന്ധം ഉളവാകുന്നു എന്നുള്ള വസ്തുതയും പ്രഖ്യാപിക്കുകയാണ്. “കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നവനല്ല സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുന്നത് പ്രത്യുത സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഹിതം നിര്‍വഹിക്കുന്നവനാണ്” എന്ന്‍ ഗിരിപ്രഭാഷണത്തില്‍ അവിടുന്ന്‍ അരുളിച്ചെയ്യുന്നുണ്ടല്ലോ.

ദൈവതിരുമനസ്സിനോടുള്ള വിധേയമാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം. മിശിഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും ജീവിതത്തില്‍ ഇത് വളരെ പ്രകടമായിരുന്നു. അനുദിന ജീവിതത്തില്‍ ഓരോ നിമിഷവും ദൈവദൂതന്‍ സമീപിച്ച് ദൈവഹിതം നമ്മെ അറിയിക്കുന്നുണ്ട്. ദൈവപ്രമാണങ്ങള്‍, തിരുസഭയുടെ കല്‍പനകള്‍, മേലധികാരികളുടെ നിര്‍ദ്ദേശങ്ങള്‍, ജീവിതച്ചുമതലകള്‍ എന്നിവയിലൂടെ നാം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നെങ്കില്‍ നമുക്കു ഉത്തമമായി ദൈവ സേവനവും സഹോദര സേവനവും നിര്‍വഹിക്കുവാന്‍ കഴിയും.

സംഭവം

ജോണ്‍ ഹോക്സന്‍ഹാം എന്ന പണ്ഡിതന്‍ ലൂര്‍ദ്ദിലെ അരുവിയിലെ ദിവ്യജലം വഴിയായി നടക്കുന്ന രോഗശമനങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്. “ഇതെഴുതുന്ന ഞാന്‍ ഒരു പ്രൊട്ടസ്റ്റന്‍റ് മതവിഭാഗമായ ഫ്രീ ചര്‍ച്ചുകാരനാണ്. റോമന്‍ കത്തോലിക്കരായി എനിക്ക് അനേകം മിത്രങ്ങള്‍ ഉണ്ടെങ്കിലും അവരില്‍ പലരും അവരവരുടെ മതം വിശ്വസ്തതയോടു കൂടി അനുഷ്ഠിക്കുന്നുണ്ടെന്ന ആത്മനിന്ദാബോധത്തോടു കൂടി ജീവിക്കുന്നു. കത്തോലിക്കാ സഭയോടു എനിക്ക് യാതൊരു പ്രതിപത്തിയുമില്ല. ലൂര്‍ദ്ദിലെ ഈ അത്ഭുതങ്ങള്‍ സംബന്ധിച്ച് ഞാന്‍ യഥാര്‍ത്ഥമായി അറിഞ്ഞില്ല എന്നതു തന്നെ”.

“എന്നാല്‍ എന്‍റെ സ്വന്തം കണ്ണുകള്‍ കൊണ്ട് അവയെല്ലാം കാണുകയും ഹൃദയത്തിന് ബോധ്യപ്പെടുകയും ചെയ്തു കഴിഞ്ഞതിനോടു കൂടി ഈ സത്യത്തെ അംഗീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നിരിക്കുന്നു. ലൂര്‍ദ്ദിലെ രോഗശമനങ്ങള്‍ക്ക് വലിയ സര്‍ജന്‍മാരും ഭിഷഗ്വരന്‍മാറും സാക്ഷ്യം നല്‍കിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ലൂര്‍ദ്ദില്‍ ദൈവത്തിന്‍റെ അത്ഭുതകരമായ ആവിഷ്ക്കരണം നടക്കുന്നുണ്ട്”.

(Jonh Oxenham, The wonder of Lourdes).

പ്രാര്‍ത്ഥന

ദിവ്യജനനി, അങ്ങ് ദൈവതിരുമനസ്സിനോട്‌ പരിപൂര്‍ണ്ണ വിധേയമായി വര്‍ത്തിച്ചു. എല്ലാ നിമിഷത്തിലും അതു മാത്രമായിരുന്നു അവിടുത്തെ ജീവിതനിയമം. മനുഷ്യാവതാരത്തിനു സമ്മതം നല്‍കിയപ്പോള്‍ മുതല്‍ കാല്‍വരിയിലെ കുരിശിനു സമീപം നില്‍ക്കുമ്പോഴും അതിനുശേഷവും അവിടുന്ന്‍ സദാ ദൈവതിരുമനസ്സ് നിറവേറ്റിയതാണ്. അവിടുത്തെ മഹത്വത്തിന് നിദാനമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ദൈവമാതാവേ, അങ്ങേ വത്സലമക്കളായ ഞങ്ങളും ദൈവതിരുമനസ്സിനു പരിപൂര്‍ണ്ണമായി വിധേയരായി ജീവിക്കാനുള്ള അനുഗ്രഹം നല്‍കണമേ. ജീവിത ക്ലേശങ്ങളിലും പ്രലോഭനങ്ങളുടെ തിരകള്‍ അലയടിച്ച് ഉയരുമ്പോഴും രോഗങ്ങളും യാതനകളും അനുഭവപ്പെടുമ്പോഴും ദൈവതിരുമനസ്സാകുന്ന ദീപശിഖ ഞങ്ങള്‍ക്കു മാര്‍ഗദര്‍ശനമരുളുവാന്‍ അങ്ങു സഹായിക്കണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ, നിന്‍റെ സങ്കേതത്തിൽ ഞങ്ങൾ ഓടിവന്ന്, നിന്‍റെ  സഹായം തേടി, നിന്‍റെ മാധ്യസ്ഥം അപേഷിച്ചവരിൽ ഒരുവനെ യെങ്കിലും നീ ഉപേഷിച്ചതായി ലോകത്തിൽ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ മറിയമേ, ദയയുള്ള മാതാവേ, ഈ  വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്‍റെ  തൃപ്പാദത്തിങ്കൽ  ഞാന്‍  അണയുന്നു. നെടുവീർപ്പെട്ട് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്‍റെ  ദയാധിക്യത്തെ കാത്തുകൊണ്ട് നിന്‍റെ  തിരുസന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിന്‍റെ  മാതാവേ എന്‍റെ  അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവം കേട്ടരുളേണമേ. ആമ്മേൻ.

ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക).

 ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ, കര്‍ത്താവേ…

മിശിഹായെ! അനുഗ്രഹിക്കണമേ, മിശിഹായെ…

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, മിശിഹായെ…

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ, മിശിഹായെ…

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി,

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കുടുംബനാഥന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന്‍ കൃപ ചെയ്ത് രക്ഷിച്ച് കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കുടുംബനാഥന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

ദൈവതിരുമനസ്സിനു സ്വയം അര്‍പ്പിച്ച ദൈവമാതാവേ, ദൈവതിരുമനസ് അനുസരിച്ചു ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.‍

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading