വചന വിചിന്തനം

ഈശോയിൽ പ്രിയപ്പെട്ടവരേ,

പെന്തക്കുസ്താ തിരുനാളിനു ഇനി കൃത്യം ഏഴ് ദിവസമാണ് ഉള്ളത്. വിശ്വാസസമൂഹം മുഴുവൻ തീക്ഷ്ണമായി പ്രാർത്ഥിക്കുന്ന ദിനങ്ങൾ. നമ്മുടെ ഇടയിൽ ഇന്ന് ഉള്ളതുപോലെ, വിശ്വാസരാഹിത്യവും ഹൃദയകാഠിന്യവും അന്ന്, യേശുവിന്റെ കാലത്ത് ശിഷ്യന്മാർക്കും ഉണ്ടായിരുന്നു. “അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവൻ കുറ്റപ്പെടുത്തി.” (Mk 16/15). എന്നാൽ, പെന്തക്കുസ്താ ദിനത്തിനു ശേഷം ശിഷ്യരിൽ വന്ന വ്യത്യാസം അത്ഭുതാവഹമായിരുന്നു. “അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അടയാളകൾകൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തു.”
(Mk 16/20)

പരിശുദ്ധാത്മാവിന്റെ വരവോടെ അവർ വിശ്വാസംകൊണ്ടും ദൈവസ്നേഹംകൊണ്ടും നിറഞ്ഞു.
യേശു നൽകിയ ഏക ദൗത്യം മാത്രമായിരുന്നു അവരുടെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും. “അവൻ അവരോടു പറഞ്ഞു: നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.”
(Mk 16/15)
അന്ന് ശിഷ്യർക്ക് നൽകിയ അതേ ദൗത്യം ഇന്ന് യേശു നമ്മുക്കും നൽകുന്നു. ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ നമ്മുക്ക് വേണ്ടത്, പരിശുദ്ധാത്മാവിന്റെ അഭിഷേകമാണ്. സുവിശേഷം പങ്കുവച്ചും പറഞ്ഞും പ്രാർത്ഥിച്ചും സമൂഹത്തെയും കുടുംബാഗങ്ങളെയും യേശുവിലേക്കു കൊണ്ടുവരണം.
നാമെല്ലാവരും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മനോഭാവംകൊണ്ടും സുവിശേഷം പ്രസംഗിക്കണം. ജീവിതത്തിൽ യേശുവിനു സാക്ഷ്യം വഹിക്കണം. അതിനു പരിശുദ്ധാത്മാവ് വേണം; സ്വർഗ്ഗത്തിലേക്ക് നോക്കണം. എല്ലാവരെയും ഉറച്ച വിശ്വാസത്തിലേക്ക് നയിക്കാൻ പ്രാപ്തമായ ഒരു അഭിഷേകം നമ്മിൽ ഉണ്ടാവണം. സ്വർഗത്തിൽ, പരിശുദ്ധാത്മാവിൽ വേരുറപ്പിക്കപ്പെട്ടവർക്കേ ഇതിനോക്കെ കഴിയൂ.
സുവിശേഷ പ്രഘോഷണം നമ്മുടെ കടമയാണെന്നും അതിനു സ്വർഗ്ഗത്തിന്റെ ദാനമായ പരിശുദ്ധാത്മാവ് കൂടിയേ അത് കഴിയൂവെന്നും മനസ്സിൽ സൂക്ഷിക്കാം. അതിനായി പ്രാർത്ഥിക്കാം.

നല്ല ദിവസം! നമ്മുക്കും പ്രാർത്ഥിക്കാം : “കർത്താവെ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ”(സിറോ മലബാർ കുർബാന)

റോയ് പുലിയുറുമ്പിൽ mcbs

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading