⚜️⚜️⚜️⚜️ July 21 ⚜️⚜️⚜️⚜️
ബ്രിണ്ടീസിയിലെ വിശുദ്ധ ലോറന്‍സ്‌
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1559-ല്‍ നേപ്പിള്‍സിലെ ബ്രിണ്ടിസിയിലായിരുന്നുവിശുദ്ധ ലോറന്‍സ്‌ ജനിച്ചത്‌. ജൂലിയസ് സീസര്‍ എന്നായിരുന്നു വിശുദ്ധന്റെ ആദ്യത്തെ നാമം. വെനീസിലെ സെന്റ്‌ മാര്‍ക്ക്‌ കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം വിശുദ്ധന്‍ ലോറന്‍സ്‌ കപ്പൂച്ചിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. അവിടെ വെച്ചാണ് ജൂലിയസ് സീസറിന് ലോറന്‍സ്‌ എന്ന പേര് ലഭിക്കുന്നത്. പാദുവായിലെ സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ നിരവധി ഭാഷകളില്‍ പ്രാവീണ്യം നേടി. ഹീബ്രു, ജര്‍മ്മന്‍, ഗ്രീക്ക്, ബോഹേമിയന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലും, ബൈബിള്‍ ലിഖിതങ്ങളിലും അഗാധമായ അറിവ്‌ നേടുകയും ചെയ്തു.

ഒരു പുരോഹിതാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിശുദ്ധ ലോറന്‍സ്‌ ബ്രിണ്ടീസി ‘നല്ല സുവിശേഷകന്‍’ എന്ന പ്രസിദ്ധി നേടിയിരുന്നു. പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം വടക്കന്‍ ഇറ്റലി മുഴുവനും വിശുദ്ധന്‍ തന്റെ സുവിശേഷ പ്രഘോഷണങ്ങളാല്‍ അമ്പരപ്പിച്ചു. ഒരു കപ്പൂച്ചിന്‍ ആശ്രമം സ്ഥാപിക്കുവാനുള്ള ദൗത്യവുമായി പാപ്പാ വിശുദ്ധനെ ജര്‍മ്മനിയിലേക്കയച്ചു. ജര്‍മ്മനിയിലെത്തിയ വിശുദ്ധന്‍ അധികം താമസിയാതെ റുഡോള്‍ഫ്‌ രണ്ടാമന്‍ ചക്രവര്‍ത്തിയുടെ ചാപ്ലയിന്‍ ആയി നിയമിതനാവുകയും, 1601-ല്‍ ഹംഗറിയെ ഭീഷണിപ്പെടുത്തികൊണ്ടിരുന്ന മുസ്ലീമുകള്‍ക്കെതിരെ പോരാടികൊണ്ടിരുന്ന ക്രിസ്തീയ പടയാളികള്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനം നേടുകയും ചെയ്തു.

വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി യൂറോപ്പിലെ കത്തോലിക്കരുടെ സഹായത്തിനായി ഒരു കത്തോലിക്കാ സഖ്യം രൂപം കൊണ്ടു. ഫിലിപ്പ് മൂന്നാമനെ കത്തോലിക്കാ സഖ്യത്തില്‍ ചേരുവാന്‍ പ്രേരിപ്പിക്കുക എന്ന ദൗത്യവുമായി ചക്രവര്‍ത്തി വിശുദ്ധനെ സ്പെയിനിലേക്കയച്ചു. അവിടെയെത്തിയ വിശുദ്ധന്‍ മാഡ്രിഡില്‍ ഒരു ആശ്രമം സ്ഥാപിക്കുകയുണ്ടായി. സ്പെയിനിനും സാവോയി രാജ്യത്തിനും ഇടയിലുണ്ടായിരുന്ന കുഴപ്പങ്ങള്‍ പരിഹരിച്ചുകൊണ്ട് അവര്‍ക്കിടയില്‍ സമാധാനം കൈവരുത്തുവാന്‍ വിശുദ്ധന് സാധിച്ചു. ദരിദ്രരോടും, രോഗികളോടും, സഹായമാവശ്യമുള്ളവരോടും വിശുദ്ധന്‍ കാണിച്ചിരുന്ന അനുകമ്പ അപാരമായിരുന്നു.

1602-ല്‍ തന്റെ കപ്പൂച്ചിന്‍ മിനിസ്റ്റര്‍ ജെനറല്‍ ആയി നിയമിതനായ വിശുദ്ധന്‍, തന്റെ സഭയിലെ എല്ലാ ആശ്രമങ്ങളിലും സന്ദര്‍ശനം നടത്തുകയും, ഏതാണ്ട് ഒമ്പതിനായിരത്തോളം വരുന്ന സന്യാസിമാരെ വളരെയേറെ കാര്യക്ഷമതയോട് കൂടി നയിക്കുകയും വഴി വിശുദ്ധ ലോറന്‍സ് കപ്പൂച്ചിന്‍ സന്യാസ സമൂഹത്തെ കത്തോലിക്കാ സഭാ പുനരുദ്ധാരണത്തിലെ ഒരു നിര്‍ണ്ണായക ശക്തിയാക്കി മാറ്റി. ട്രെന്റ് സുനഹദോസിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധനും ഒരു സജീവ പങ്കാളിയായിരുന്നു.

“സഭയുടെ കഷ്ടകാലങ്ങളില്‍ സഭയെ സഹായിക്കുവാന്‍ ദൈവകടാക്ഷത്താല്‍ അയക്കപ്പെടുന്ന സവിശേഷ വ്യക്തിത്വങ്ങളില്‍ ഒരു ഉന്നതമായ സ്ഥാനം വിശുദ്ധനുണ്ട്” എന്നായിരുന്നു ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ വിശുദ്ധനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 1619-ല്‍ മര്‍ദ്ദകനായ ഗവര്‍ണറില്‍ നിന്നും നേപ്പിള്‍സിലെ ജനങ്ങളെ രക്ഷിക്കുവാന്‍ ഫിലിപ്പ് മൂന്നാമന്റെ സഹായം ആവശ്യപ്പെടുന്നതിനായി വിശുദ്ധന്‍ സ്പെയിനിലേക്കൊരു യാത്ര നടത്തി. രാജാവ് താമസിച്ചിരുന്ന ലിസ്ബണ്‍ പട്ടണത്തില്‍ ലോറന്‍സ് എത്തിയപ്പോഴേക്കും അദ്ദേഹം രോഗബാധിതനായി മരണപ്പെട്ടു. വിശുദ്ധന്റെ മൃതദേഹം സ്പെയിനിലേക്ക് കൊണ്ട് വരികയും അവിടുത്തെ വില്ലാഫ്രാങ്കാ ഡെല്‍ ബീര്‍സോയിലെ ‘പുവര്‍ ക്ലെയേഴ്സ്’ദേവാലയത്തില്‍ അടക്കം ചെയ്യുകയും ചെയ്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. മാഴ്സേയിലെ വിക്ടര്‍

2. വേര്‍ഡൂണ്‍ ബിഷപ്പായിരുന്ന അര്‍ബോഗാസ്റ്റ്

3. മോയെന്‍ മൗത്തീയെര്‍ ആശ്രമത്തിലെ ജോണും ബെനിഞ്ഞൂസും

4. ട്രോസിസിലെ ക്ലാവുദീയൂസ്, യുസ്തൂസ്, യുക്കുന്തിനൂസ്

5. ഡാനിയേല്‍ പ്രവാചകന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

ഉറങ്ങുംമുൻപേ…

ഓ, ഈശോനാഥാ, അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്‍ എന്നെ മറക്കണമെ, സ്‌നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള ആശയില്‍ നിന്നും എന്നെ വിമുക്തയാക്കണമേ, കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്നും എന്നെ രക്ഷിക്കണമേ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമേ. സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്ക് തരണമെ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ കര്‍ത്താവേ, ലൗകികാശ്വാസങ്ങള്‍ എല്ലാം എനിക്ക് കയ്പ്പായി പകര്‍ത്തണമേ. നീതി സൂര്യനായ എന്റെ ഈശോയെ! നിന്റെ ദിവ്യകതിരിനാല്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് അങ്ങയോടുള്ള സ്‌നേഹത്താല്‍ എന്നെ എരിയിച്ച് എന്നെ നിന്നോട് ഒന്നിപ്പിക്കണമേ. “ഇതുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നു ചോദിച്ചിട്ടില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവന്‍ നിങ്ങള്‍ക്കു തരും ” (യോഹ. 16:23-24) എന്നരുളിചെയ്ത സ്നേഹം നിറഞ്ഞ ഈശോയെ, അങ്ങേ നാമത്തില്‍ പിതാവിനോടു ഞങ്ങള്‍ ചെയ്യുന്ന ഈ അപേക്ഷയുടെ ഫലം ഞങ്ങള്‍ക്കു ലഭിക്കുവാനിടയാക്കണമേ.

ഈശോമറിയം യൗസെപ്പേ, നിങ്ങളുടെ പ്രത്യേക ഭക്തയായ അല്‍ഫോന്‍സാമ്മയുടെ പുണ്യയോഗ്യതകളെ പരിഗണിച്ച് അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ച് സ്വര്‍ഗ്ഗസൗഭാഗ്യത്തിന് യോഗ്യരാക്കണമെന്നും ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ അനുഗ്രഹങ്ങളും (…………………………………………) അങ്ങേ വിശ്വസ്തദാസി വഴി സാധിച്ചുതരണമെന്നും എത്രയും എളിമയോടു കൂടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

Advertisements

എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും.
മത്തായി 6 : 6

എന്റെ ആത്‌മാവേ, കര്‍ത്താവിനെ വാഴ്‌ത്തുക; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ്‌ അത്യുന്നതനാണ്‌;
അവിടുന്നു മഹത്വവും തേജസ്‌സുംധരിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 104 : 1

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading