🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനേഴാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

“അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്‌”
(മത്തായി 1:20).

വിശുദ്ധ യൗസേപ്പ് പിതാവ് – ക്ഷമയുടെ പര്യായം
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

“നീതിയ്ക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാർ. എന്തെന്നാല്‍ അവർക്ക് സംതൃപ്തി ലഭിക്കും” (വിശുദ്ധ മത്തായി 5:6) എന്ന് ഈശോ നാഥന്‍ ഗിരിപ്രഭാഷണത്തില്‍ അരുളിച്ചെയ്യുകയുണ്ടായി. അടുത്ത കാലത്ത് ഒരു മനുഷ്യന്‍ അയാളുടെ ഭാര്യയേയും ആറു കുട്ടികളെയും വിഷം കൊടുത്തു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതായി ഒരു വാര്‍ത്ത കേട്ടിട്ടുണ്ട്. ജീവിത പ്രശ്നങ്ങളുമായി ഏറ്റുമുട്ടി നൈരാശ്യ നിമിത്തമത്രേ അപ്രകാരം ചെയ്തത്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും അസ്വസ്ഥചിത്തരും നിരാശരുമാകുന്നത് എന്തുകൊണ്ടാണ്? അതിനുള്ള ലളിതമായ ഉത്തരമിതാണ്, ജീവിതത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് അവര്‍ മനസില്ലാക്കിയിട്ടില്ലയെന്നത് തന്നെ.

നമ്മുടെ ഭരണാധികാരികളും നേതാക്കന്മാരും മറ്റുള്ളവരും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പരിശ്രമിക്കുന്നുണ്ട്. പ്രശ്നമില്ലാത്ത ഒരു ലോക സൃഷ്ടിക്കായി അവര്‍ അവിശ്രമം പരിശ്രമിക്കുന്നു. പക്ഷേ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. എന്തുകൊണ്ടാണ് ദൈവത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പരിശ്രമിക്കുന്നത്? നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും ഏക പരിഹാരം ദൈവമാണ്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പ് അദ്ദേഹത്തിന്‍റെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം ദൈവത്തിലാണ് കണ്ടെത്തിയത്. അതാണ്‌ മാര്‍ യൗസേപ്പിന്‍റെ മഹത്വത്തിന് നിദാനം.

സംശയങ്ങളിലും ബുദ്ധിമുട്ടുകളിലും യാതനകളിലുമെല്ലാം അദ്ദേഹം ദൈവത്തില്‍ അഭയം ഗമിച്ചതിനാല്‍ സമചിത്തതയോടുകൂടി എല്ലാ പ്രതിബന്ധങ്ങളെയും അഭിമുഖീകരിക്കുവാനും അവയേ വിജയപൂര്‍വ്വം തരണം ചെയ്യുവാനും അദ്ദേഹത്തിന് സാധിച്ചു. അതിനാല്‍ തിരുക്കുടുംബത്തില്‍ വലിയ സമാധാനവും സന്തോഷവും നിറഞ്ഞു നിന്നു. നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങളെയും വെല്ലുവിളികളേയും അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. അപ്പോള്‍ നമ്മുടെ മനോഭാവം എന്താണ്? അങ്ങനെയുള്ള സാഹചര്യത്തില്‍ ദൈവത്തെയും കുടുംബാംഗങ്ങളേയും അയല്‍വാസികളേയും ശപിക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ നിര്‍ഭാഗ്യകരമായ ജീവിതം നയിക്കുകയോ നാം ചെയ്യുന്നില്ലേ.

എന്നാല്‍ ക്രിസ്തുവിലുള്ള പ്രത്യാശയും ധൈര്യവും നമുക്കുണ്ടെങ്കില്‍ അക്ഷോഭ്യരായി അചഞ്ചലരായി പതറാതെ തളരാതെ മുന്നേറുവാന്‍ സാധിക്കും. അപ്പോള്‍ നാം ഈശോയോടും പരിശുദ്ധ കന്യകാ മറിയത്തോടും നമ്മുടെ പിതാവായ മാര്‍ യൗസേപ്പിനോടും അനുരൂപരായി തീരുന്നു. തന്മൂലം സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂടിചേരലായി നമ്മുടെ കുടുംബം മാറുകയും ചെയ്യും.

സംഭവം
🔶🔶🔶

റോമിലുള്ള സന്യാസിനി സമൂഹം ഒരിക്കല്‍ തങ്ങളുടെ മഠത്തോടനുബന്ധിച്ച് ഒരു ദേവാലയവും അനാഥാലയവും പണി കഴിപ്പിച്ചു. പണികളുടെ മേല്‍നോട്ടം നടത്തിയിരുന്ന വ്യക്തികളുടെ വഞ്ചന മൂലം സന്യാസ സമൂഹത്തിന് വളരെ ധന നഷ്ടം ഉണ്ടായി. ഉപവി പ്രവൃത്തിക്ക് വേണ്ടി നടത്തുന്ന ആ പ്രസ്ഥാനവും ദേവാലയവും പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ അവര്‍ ക്ലേശിച്ചു. ആ ദിവസങ്ങളില്‍ അന്‍പതിലേറെ അനാഥക്കുട്ടികളും ജോലിക്കാരും മഠത്തിന്‍റെ വരാന്തയിലും മറ്റും കിടന്നാണ് നിദ്ര പോക്കിയത്. തങ്ങളുടെ സംരംഭം മുഴുമിപ്പിക്കുവാന്‍ യാതൊരു നിര്‍വാഹവും കാണാതെ വിഷമത്തിലായ സന്യാസിനികള്‍ മാര്‍ യൗസേപ്പില്‍ അഭയം പ്രാപിച്ചു. അവര്‍ യൗസേപ്പ് പിതാവിന്‍റെ നവനാള്‍ ആരംഭിച്ചു. ആരും തുണയില്ലാത്ത അനാഥക്കുഞ്ഞുങ്ങള്‍ക്കു വേണ്ടി ആ സന്യാസിനികള്‍ പ്രാര്‍ത്ഥിച്ചു. നവനാള്‍ അവസാനിക്കുന്നതിനു മുമ്പു തന്നെ അവരുടെ പ്രാര്‍ത്ഥന ഫലമണിഞ്ഞു.

പട്ടണത്തില്‍ ആസ്പത്രിയില്‍ സമ്പന്നയായ ഒരു രോഗിണി ഉണ്ടായിരുന്നു. അവര്‍ ആളെ അയച്ച് മഠാധിപയെ വരുത്തി അവരെക്കൂടി അനാഥാലയത്തില്‍ സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ ദരിദ്രരെ മാത്രമേ തങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന്‍ മഠാധിപ അവരെ അറിയിച്ചു. എന്നാല്‍ ഭക്നാശയായി തനിക്കു വേണ്ടി മാര്‍ യൗസേപ്പ് പിതാവിനോടു പ്രാര്‍ത്ഥക്കണമെന്നു അപേക്ഷിച്ച് സന്യാസിനി സമൂഹത്തിനു വേണ്ടി ഒരു വലിയ തുക സംഭാവന ചെയ്തു. മുടങ്ങിക്കിടന്ന അനാഥാലയവും ദൈവാലയവും പണി തീര്‍ക്കുവാന്‍ ആ സംഭാവന മൂലം സന്യാസിനിമാര്‍ക്ക് സാധിച്ചു. തങ്ങളുടെ ആവശ്യനേരത്ത് സന്യാസിമാര്‍ക്ക് സാധിച്ചു. തങ്ങളുടെ ആവശ്യനെരത്ത് സഹായമരുളിയ മാര്‍ യൗസേപ്പ് പിതാവിനെ അവര്‍ സ്തുതിച്ചു.

ജപം
🔶🔶

മാര്‍ യൗസേപ്പ്പിതാവേ അങ്ങ് ജീവിതത്തിലെ പ്രശ്നങ്ങളെയും വെല്ലുവിളികളേയും ധീരമായി അഭിമിഖീകരിച്ച് യാതനകളെയും ക്ലേശങ്ങളെയും അസാധാരണമായ ക്ഷമയും സഹനശക്തിയേയും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമങ്ങളും വെല്ലുവിളികളും ഭീഷണികളും ഞങ്ങള്‍ പ്രശാന്തതയോടെ ക്രിസ്തീയമായ പ്രത്യാശയോടും ക്ഷമയോടും കൂടി നേരിടുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളെ ആത്മീയവും ഭൗതികവുമായ വിപത്തുകളില്‍ നിന്ന്‍ അങ്ങ സംരക്ഷിക്കുകയും ചെയ്യണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,

( മിശിഹായെ… )

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

( ഞങ്ങളെ അനുഗ്രഹിക്കണമേ )

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം
🔶🔶🔶🔶🔶🔶

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶
ക്ഷമയുടെ മാതൃകയായ മാര്‍ യൗസേപ്പേ ഞങ്ങള്‍ക്കു ശാന്തത നല്‍കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

⚜️⚜️⚜️⚜️ March 1️⃣7️⃣⚜️⚜️⚜️⚜️
വിശുദ്ധ പാട്രിക്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

റോമന്‍ അധിനിവേശത്തിലുള്ള ബ്രിട്ടണില്‍ ഏതാണ്ട് 415 AD യിലാണ് വിശുദ്ധ പാട്രിക്ക് ജനിച്ചത്. വിശുദ്ധന് 16 വയസ്സുള്ളപ്പോള്‍ അദ്ദേഹം ആട്‌ മേച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആക്രമകാരികളായ ചില അയര്‍ലന്‍റുകാര്‍ അദ്ദേഹത്തെ തട്ടികൊണ്ട് പോവുകയും അടിമയാക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്‍ അവിടെനിന്നും രക്ഷപ്പെടുകയും ബ്രിട്ടണില്‍ തിരിച്ചെത്തുകയും ചെയ്തു. പിന്നീട് വിശുദ്ധ പാട്രിക്ക് പൌരോഹിത്യ പട്ടം സ്വീകരിച്ചു. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ മെത്രാനായി അദ്ദേഹം അഭിഷിക്തനായി. ഏതാണ്ട് 435 AD യോട് കൂടി അദ്ദേഹം അയര്‍ലന്‍ഡില്‍ എത്തി.

വിശുദ്ധ പാട്രിക്കിനെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്. അയര്‍ലാന്‍ഡില്‍ നിന്നും പാമ്പുകളെ തുരത്തിയതും, മൂന്നിലകളോട് കൂടിയ ഒരു തരം ചെടി ഉപയോഗിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യങ്ങളെ ക്കുറിച്ച് വിശദീകരിച്ചതും മറ്റും ഇതില്‍ ചിലതാണ്. അയര്‍ലന്‍ഡില്‍ കത്തോലിക്കാ മതം കൊണ്ടുവരുന്നതിലും പ്രചരിപ്പിക്കുന്നതിലും വിശുദ്ധ പാട്രിക്ക് പരിപൂര്‍ണ്ണ വിജയം കൈവരിച്ചു. കാലക്രമേണ അയര്‍ലാന്‍ഡിലെ മുഴുവന്‍ ജനതയും തങ്ങളുടെ വിജാതീയ ആചാരങ്ങളെ ഉപേക്ഷിച്ച് സത്യദൈവത്തില്‍ വിശ്വസിക്കുകയും ക്രിസ്തുവിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. അയര്‍ലന്‍ഡ് ഒരു ചെറിയ രാജ്യമാണെങ്കില്‍ കൂടി ലോകം മുഴുവനും ക്രിസ്തുമതത്തെ പ്രചരിപ്പിക്കുന്നതിലും, പരിപാലിക്കുന്നതിലും വളരെയേറെ പങ്ക് വഹിച്ചിട്ടുണ്ട്.

ആദ്യകാലങ്ങളിലെ ഇരുണ്ട യുഗങ്ങളില്‍ യൂറോപ്പു മുഴുവനും തിന്മ വ്യാപിച്ചപ്പോള്‍ അയര്‍ലന്‍ഡിലെ ആശ്രമങ്ങള്‍ പാശ്ചാത്യ രചനകള്‍ സംരക്ഷിക്കുകയും, ഉത്തമ ബോധ്യമുള്ള ഒരു കത്തോലിക്കാ രാജ്യമായി തുടരുകയും ചെയ്തു. കൂടാതെ കത്തോലിക്കാ വിശ്വാസം ലോകത്തിന്റെ മുക്കിലും മൂലയിലും അവര്‍ പ്രചരിപ്പിച്ചു. ഇതിനെ കുറിച്ച് കൂടുതലായി തോമസ്‌ കാഹില്ലിന്റെ ‘How Irish Saved Civilization’ എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്. വിശുദ്ധ പാട്രിക്കിനെ കുറിച്ചുള്ള ചില രചനകള്‍ ലഭ്യമാണ്. അതിലൊന്ന് ‘കുമ്പസാരങ്ങള്‍’ എന്ന് പേരായ അദ്ദേഹത്തിന്റെ ജീവചരിത്രമാണ്.

അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ കോര്‍ത്തിണക്കികൊണ്ട് വളരെ എളിമയോട് കൂടി അദ്ദേഹത്തിന്റെ ജീവിതത്തെ വിവരിക്കുന്ന ഒരു ചെറിയ ജീവിതസംഗ്രഹമാണിത്. അതില്‍ നിന്നുമുള്ള ഒരു വാക്യമിപ്രകാരമാണ്, “ഞാന്‍ ദൈവത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു, കാരണം ദൈവമെനിക്ക് നിരവധി ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്, അതുകൊണ്ട് എന്നിലൂടെ നിരവധി ആളുകള്‍ക്ക് ദൈവത്തില്‍ പുനര്‍ജ്ജന്മം ലഭിച്ചു. വിശ്വാസ-സ്ഥിരീകരണം ലഭിച്ച ഉടനെതന്നെ അവര്‍ക്കായി എല്ലായിടത്തും പുരോഹിതന്മാര്‍ അഭിഷേകം ചെയ്യപ്പെട്ടു”.

“നിനക്കായി ഭൂമിയുടെ അറ്റത്ത് നിന്നുപോലും രാഷ്ട്രങ്ങള്‍ ഉയര്‍ന്നുവരും, എന്നിട്ട് അവര്‍ നിന്റെ അടുക്കല്‍ വന്നു പറയും, ഞങ്ങളുടെ പിതാക്കന്‍മാര്‍ വ്യാജമല്ലാതെ മറ്റൊന്നും അവകാശപ്പെടുത്തിയിട്ടില്ല. ഭൂമിയുടെ അതിര്‍ത്തികള്‍ വരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയരുടെ ദീപമായി ഞാന്‍ നിന്നെ സ്ഥാപിച്ചിരിക്കുന്നു” എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തിരം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ ഭൂമിയുടെ ഒരറ്റത്ത് നിന്നും ദൈവം വിശുദ്ധ പാട്രിക്കിനെ തിരഞ്ഞെടുത്തുയെന്ന്‍ നമ്മുക്ക് പറയാം.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അലക്സാണ്ടറും തെയോഡോറും

2. അലക്സാണ്ട്രിയന്‍ പ്രഭുവായ അമ്പ്രോസു

3. ഫ്രാന്‍സിലെ അഗ്രിക്കൊളാ

4. തിവെല്ലസ്സിലെ ജെര്‍ത്രൂദ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അങ്ങ്‌ ജ്‌ഞാനത്തെയും അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!
ജ്‌ഞാനം 9 : 17

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ!
അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
അങ്ങയുടെ സന്നിധിയില്‍നിന്ന്‌ എന്നെ തള്ളിക്കളയരുതേ!
അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെ എന്നില്‍ നിന്ന്‌ എടുത്തുകളയരുതേ!
അങ്ങയുടെ രക്‌ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!
ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!
സങ്കീര്‍ത്തനങ്ങള്‍ 51 : 10-12

Advertisements

ഉണർന്നെഴുന്നേൽക്കുമ്പോൾ…

പീഡനങ്ങളുടെയും നിന്ദനങ്ങളുടെയും മുൻപിൽ പോലും ശാന്തതയോടെ നിന്ന ഈശോയെ, ശാന്തത എന്ന വലിയ അനുഗ്രഹം എനിക്ക് നൽകണമേ… എന്നെ വേദനിപ്പിക്കുന്നവരാണ് ഇന്നെനിക്കു ചുറ്റും… ഞാൻ പ്രതീക്ഷിക്കാത്തവർ പോലും എനിക്കെതിരായി നിൽക്കുന്നു… നിന്നെ പോലെ അതൊക്കെ അഭിമുഖീകരിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ… എന്നോടാരെങ്കിലും കോപിക്കുമ്പോൾ തിരിച്ചും അതെ അളവിൽ പ്രതികരിക്കുകയാണ് എന്റെ പതിവ്… ഇനി മുതൽ ആരെങ്കിലും എന്നോട് അകാരണമായി ദേഷ്യപ്പെടുമ്പോൾ, എന്നെ കുറിച്ച് അപവാദവും ഇല്ലാക്കഥകളും ഒക്കെ പ്രചരിപ്പിക്കുമ്പോൾ ഈശോയെ, ശാന്തതയോടെ നിൽക്കാൻ എന്നെ അനുഗ്രഹിക്കണമേ … കുരിശിൽ കിടന്നുപോലും അതാണല്ലോ നീ ഞങ്ങളെ പഠിപ്പിച്ചത്… ശക്തർക്കും ധീരർക്കും മാത്രമേ അവരുടെ ശത്രുക്കളോടു ക്ഷമിക്കാനാകൂ എന്ന് ഞാനറിയുന്നു കർത്താവേ… എന്നെക്കൊണ്ട് ചെയ്യാൻ ആകില്ല എന്ന് ഞാൻ കരുതുന്നത് ചെയ്യുമ്പോഴല്ലേ ഞാൻ കൂടുതൽ ശക്തനാകുന്നത്… അങ്ങനെയെങ്കിൽ കർത്താവേ, ക്ഷമിക്കാൻ എന്നെ പഠിപ്പിക്കേണമേ… ഞാൻ പലതവണ എന്റെ സുഹൃത്തുക്കളെ മണ്ടനെന്നും വട്ടനെന്നും മറ്റുമൊക്കെ വിളിച്ചു കളിയാക്കിയിട്ടുണ്ട്… പക്ഷെ അത് അവനെ കൊല്ലുന്നതിനു തുല്യമാണെന്ന് നീ പറഞ്ഞിട്ടുണ്ടല്ലോ… ക്ഷമിക്കണമേ കർത്താവേ… മറ്റുള്ളവരെ പരിഹസിക്കുന്നത് എന്നുമെനിക്ക് ഇഷ്ടമായിരുന്നു കർത്താവെ… ആരോടെങ്കിലുമുള്ള വെറുപ്പ് പ്രകടിപ്പിക്കാൻ ഞെട്ടിക്കുന്നതും അത്യന്തം ഹീനമായിട്ടുള്ളതുമായ കാര്യങ്ങൾ ഞാൻ പലരെയും കുറിച്ച് പറഞ്ഞിട്ടുണ്ട്… ഈശോയെ, ഇന്ന് ഞാൻ ഹൃദയം തകരുന്ന വേദനയോടെ അറിയുന്നു: അങ്ങനെ വെറുപ്പോടും കോപത്തോടും കൂടെ സംസാരിക്കുമ്പോഴും പരിഹസിക്കുമ്പോഴും പരദൂഷണം പറയുമ്പോഴും എന്തുമാത്രം ആഴത്തിലാണ് ഞാൻ അവരെ ആഞ്ഞുവെട്ടിയത് എന്ന്… എന്റെ ഈശോയെ, ഒരേ പിതാവിന്റെ മക്കളാകയാൽ ഞങ്ങളെല്ലാം സഹോദരന്മാരാണെന്നു ഞാൻ തിരിച്ചറിയുന്നു… സുവിശേഷത്തിൽ നീ അരുൾചെയ്തിട്ടുണ്ടല്ലോ: നമ്മുടെ സഹോദരരുമായി രമ്യതയിലല്ലെങ്കിൽ നമുക്ക് നമ്മുടെ പിതാവിന്റെ അടുക്കൽ പോകാൻ സാധിക്കുകയില്ല എന്ന്… അവരുമായി സമാധാനത്തിലല്ലെങ്കിൽ പിതാവുമായി സംസാരിക്കാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ… സഹോദരനുമായി ദേഷ്യത്തിലായിരിക്കുമ്പോൾ പിതാവിനുള്ള ബലിയർപ്പിക്കണമെന്നു അങ്ങ് ആഗ്രഹിക്കുന്നില്ലല്ലോ… ബലിപീഠത്തിലേക്കുള്ള പാതയിൽ വച്ചുതന്നെ എല്ലാം തിരിച്ചറിഞ്ഞു നീ ആഗ്രഹിക്കുന്നത് പോലെ ഹൃദയത്തിൽ ശുദ്ധിയുള്ളവരാകാൻ, അങ്ങനെ ഒരു പൂർണ്ണബലി അർപ്പിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ… ആമേൻ

Advertisements

എല്ലാ മനുഷ്യരും
അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ!
ജറുസലെമില്‍ അവിടുത്തേക്കു
കൃതജ്‌ഞതയര്‍പ്പിക്കട്ടെ.
തോബിത്‌ 13 : 8

വിശുദ്‌ധ നഗരമായ ജറുസലെമേ,
നിന്റെ പുത്രന്‍മാരുടെ പ്രവൃത്തികള്‍
നിമിത്തം
അവിടുന്ന്‌ നിന്നെ പീഡിപ്പിക്കും.
നീതിനിഷ്‌ഠരായ മക്കളുടെമേല്‍
അവിടുന്ന്‌ വീണ്ടും കരുണ ചൊരിയും.
തോബിത്‌ 13 : 9

കര്‍ത്താവിനുയഥായോഗ്യം
കൃതജ്‌ഞതയര്‍പ്പിക്കുവിന്‍.
യുഗങ്ങളുടെ രാജാവിനെ സ്‌തുതിക്കുവിന്‍;
അവിടുത്തെ കൂടാരം നിങ്ങള്‍ക്കുവേണ്ടി
സന്തോഷത്തോടെ ഉയര്‍ത്തപ്പെടട്ടെ!
അവിടുന്ന്‌ നിങ്ങളുടെ പ്രവാസികള്‍ക്ക്‌
സന്തോഷം നല്‍കട്ടെ!
ദുഃഖിതരുടെമേല്‍ അവിടുത്തെ സ്‌നേഹം
തലമുറകളോളം എന്നേക്കും ചൊരിയട്ടെ!
തോബിത്‌ 13 : 10

ദൈവമായ കര്‍ത്താവിന്റെ നാമം
വഹിക്കുന്ന ഇടത്തേക്ക്‌ വിദൂരങ്ങളില്‍നിന്ന്‌
അനേകം ജനതകള്‍ സ്വര്‍ഗത്തിന്റെ
രാജാവിന്‌
കാഴ്‌ചകളുമേന്തി വരും, തലമുറകള്‍
നിന്നെ സന്തോഷപൂര്‍വം കീര്‍ത്തിക്കും.
തോബിത്‌ 13 : 11

നിന്നെ വെറുക്കുന്നവര്‍ ശപിക്കപ്പെടട്ടെ.
നിന്നെ സ്‌നേഹിക്കുന്നവര്‍ എന്നേക്കും
അനുഗൃഹീതര്‍.
തോബിത്‌ 13 : 12

നീതിനിഷ്‌ഠരായ മക്കളെ ഓര്‍ത്ത്‌
സന്തോഷിക്കുവിന്‍;
അവരെ അവിടുന്ന്‌ ഒരുമിച്ചുകൂട്ടും.
അവര്‍ നീതിമാന്‍മാരുടെ കര്‍ത്താവിനെ
സ്‌തുതിക്കും.
തോബിത്‌ 13 : 13

Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading