🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
19- June-2022, ഞായർ
Corpus Christi – Solemnity
Liturgical Colour: White.
ഒന്നാം വായന
ഉത്പ 14:18-20
മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു.
സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍. അവന്‍ അബ്രാമിനെ ആശീര്‍വദിച്ചു കൊണ്ടു പറഞ്ഞു:
ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ കൃപാകടാക്ഷം നിന്റെ മേലുണ്ടാകട്ടെ! ശത്രുക്കളെ നിന്റെ കൈയിലേല്‍പിച്ച അത്യുന്നത ദൈവം അനുഗൃഹീതന്‍.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 110:1,2,3,4
R. മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.
കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തു ഭാഗത്തിരിക്കുക.
R. മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.
കര്‍ത്താവു സീയോനില്‍ നിന്നു നിന്റെ അധികാരത്തിന്റെ ചെങ്കോല്‍ അയയ്ക്കും; ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴുക.
R. മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.
വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം നിന്റെ ജനം മടി കൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും; ഉഷസ്സിന്റെ ഉദരത്തില്‍ നിന്നു മഞ്ഞെന്ന പോലെ യുവാക്കള്‍ നിന്റെ അടുത്തേക്കു വരും.
R. മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.
കര്‍ത്താവു ശപഥം ചെയ്തു: മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല.
R. മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.
രണ്ടാം വായന
1 കോറി 11:23-26
നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
സഹോദരരേ, കര്‍ത്താവില്‍ നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരം തന്നെ, അത്താഴത്തിനു ശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനം ചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
കർത്താവിന്റെ വചനം.
അനുക്രമഗീതം
അനുക്രമാഗീതം ഹ്രസ്വമായോ പൂര്‍ണ്ണമായോ പാടുകയോ ചൊല്ലുകയോ ചെയ്യാം.
പാടുക സീയോന്‍, മനോഹരമായി പാടുക,
ഇടയരാജാവിന്റെ സ്തുതികള്‍ പാടുക. സ്വര്‍ഗീയ സംഗീതം മീട്ടുക.
ജീവന്റെ അപ്പം, ജീവനേകുന്ന അപ്പം,
പ്രിയരാം പന്ത്രണ്ട് സോദരര്‍ക്കായി
വേര്‍പാടിന്‍ ഓര്‍മ്മയ്ക്ക് നിത്യസ്മാരകമായി നല്‍കിയ ഭോജ്യം.
ഈ മനോഹര ഗീതം ഹൃദയത്തില്‍ നിന്നും ഉയരട്ടെ.
ക്രിസ്തു ആദ്യമായി അള്‍ത്താര അനുഗ്രഹിച്ച ദിനത്തിന്‍ ഓര്‍മ്മ തിളങ്ങിനില്‍ക്കുന്നു.
രാജാവൊരുക്കിയ വിരുന്നുശാലയില്‍ സന്തോഷഭരിതരായി അവര്‍ സമ്മേളിച്ചു.
പുരാതന പെസഹാക്രമം നവീകൃതമായി, പഴയതെല്ലാം പുതിയതായി,
രാത്രി തന്‍ ഇരുട്ട് വെളിച്ചമായി.
താന്‍ ചെയ്തതെല്ലാം എന്നും നിറവേറുവാന്‍ യുഗാന്ത്യത്തോളം നിലനിന്നീടുവാന്‍
തന്റെ വേര്‍പാടിന്റെ സ്മരണ കാത്തുപാലിക്കാന്‍ ക്രിസ്തു അതീവമായി ആഗ്രഹിച്ചു.
അവന്റെ ദിവ്യപാഠശാലയില്‍ രൂപീകൃതരായ നാം
അപ്പവും വീഞ്ഞും ആശിര്‍വദിക്കുന്നു.
ഇത് ക്രൈസ്തവനു ലഭിച്ച വിശ്വാസം –
സ്വര്‍ഗത്തില്‍ നിന്നുയരുന്ന വചനത്താല്‍
അപ്പം ശരീരമാകുന്നു, വീഞ്ഞ് രക്തമായി മാറുന്നു.
ഇത് പ്രകൃതിയുടെ ശക്തിക്കതീതമായ കാഴ്ച്ചയ്ക്കും കേള്‍വിക്കും അതീതമായ വിശ്വാസത്തിന്റെ അനുഭവം.
ഇരുസാദൃശ്യങ്ങളില്‍ ആവൃതമായി സ്വര്‍ഗീയദാനത്തിന്‍ പ്രതീകങ്ങള്‍ സംഗമിക്കുന്നു. അവിടെയാണ് നാം വണങ്ങുന്ന ദിവ്യരഹസ്യങ്ങള്‍. ജീവനുള്ള ശരീരം നമ്മുടെ ഭോജനവും
അമൂല്യമായ രക്തം നമ്മുടെ പാനീയവും ഓരോന്നിലും അവിഭക്തനായി കര്‍ത്താവ് ജീവിക്കുന്നു.
– – – – – –
*ഇതാ, മാലാഖമാരുടെ അപ്പം,
തീര്‍ത്ഥാടകര്‍ക്കിത് പാഥേയം;
ദൈവത്തിന്റെ യഥാര്‍ത്ഥ മക്കള്‍ക്കുള്ള അപ്പം,
നായ്ക്കള്‍ക്ക് കൊടുക്കാനാവാത്ത അപ്പം.
ഇസഹാക്കിന്റെ ബലിപീഠത്തിലും,
പുരാതന പെസഹാ ഭോജനത്തിലും
സ്വര്‍ഗം പൊഴിച്ച മന്നയിലും
മുന്നേ ആവിഷ്കൃതമായ സാദൃശ്യം.
*സ്വര്‍ഗീയ ഭോജനമേ, നല്ലിടയാ, വരിക,
അങ്ങേ കാരുണ്യം ഞങ്ങളില്‍ പ്രകാശിപ്പിക്കുക.
ഇപ്പോഴും ഞങ്ങളെ വിരുന്നൂട്ടി അങ്ങേ സ്വന്തമാക്കുക, അമര്‍ത്യതയുടെ മേച്ചില്‍പ്പുറങ്ങളില്‍
ഞങ്ങള്‍ അങ്ങേ മഹത്വം കാണട്ടെ.
*അനന്ത ജ്ഞാനമേ, അനന്ത ശക്തിയേ,
ഇന്നിന്റെ ഭോജ്യമേ, നാളത്തെ ആശ്വാസമേ,
വരിക, ഞങ്ങളെ അങ്ങേ അതിഥികളാക്കുക;
അങ്ങയോടൊപ്പം വസിക്കുന്ന വിശുദ്ധരോടുകൂടെ
അങ്ങേ കൂട്ടവകാശികളും സ്നേഹിതരുമാക്കുക.
ആമേന്‍. അല്ലേലൂയാ.
സുവിശേഷ പ്രഘോഷണവാക്യം
യോഹ 6:51
അല്ലേലൂയാ, അല്ലേലൂയാ!
സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും.
അല്ലേലൂയാ!
സുവിശേഷം
ലൂക്കാ 9:11-17
എല്ലാവരും ഭക്ഷിച്ചു തൃപ്തരായി.
അക്കാലത്ത് യേശു അവന്റെ പിന്നാലെ ചെന്ന ജനങ്ങളെ സ്വീകരിച്ച് ദൈവരാജ്യത്തെപ്പറ്റി അവരോടു പ്രസംഗിക്കുകയും രോഗശാന്തി ആവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയും ചെയ്തു. പകല്‍ അസ്തമിച്ചു തുടങ്ങിയപ്പോള്‍ പന്ത്രണ്ടു പേരും അടുത്തു വന്ന് അവനോടു പറഞ്ഞു: നാം വിജനപ്രദേശത്തായതു കൊണ്ട് ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലും പോയി താമസിക്കുന്നതിനും ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനും ജനങ്ങളെ പറഞ്ഞയയ്ക്കുക. അവന്‍ പ്രതിവചിച്ചു: നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പവും രണ്ടു മത്സ്യവും മാത്രമേയുള്ളു, ഈ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണം നല്‍കണമെങ്കില്‍ ഞങ്ങള്‍ പോയി വാങ്ങിക്കൊണ്ടു വരണം. അവിടെ ഏകദേശം അയ്യായിരം പുരുഷന്മാര്‍ ഉണ്ടായിരുന്നു. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: അമ്പതുവീതം പന്തികളായി ജനങ്ങളെ ഇരുത്തുവിന്‍. അവര്‍ അങ്ങനെ ചെയ്തു; എല്ലാവരെയും ഇരുത്തി. അപ്പോള്‍ അവന്‍ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി അവ ആശീര്‍വദിച്ചു മുറിച്ച്, ജനങ്ങള്‍ക്കു വിളമ്പാനായി ശിഷ്യന്മാരെ ഏല്‍പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കി വന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Categories: Daily Readings, Readings