The Book of Acts Chapter 15 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 15 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 15

ജറുസലെം സൂനഹദോസ്

1 യൂദയായില്‍നിന്നു ചിലര്‍ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്‌ഛേദനം ചെയ്യപ്പെടാത്തപക്ഷം രക്ഷപ്രാപിക്കുവാന്‍ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചു.2 പൗലോസും ബാര്‍ണബാസും അവരോടു വിയോജിക്കുകയും വിവാദത്തില്‍ ഏര്‍പ്പെടുകയുംചെയ്തു. തന്‍മൂലം, ജറുസലെമില്‍ച്ചെന്ന് അപ്പസ്‌തോലന്‍മാരും ശ്രേഷ്ഠന്‍മാരുമായി ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ പൗലോസും ബാര്‍ണബാസും അവരുടെ കൂട്ടത്തില്‍പ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു.3 സഭയുടെ നിര്‍ദ്‌ദേശമനുസരിച്ചുയാത്രതിരിച്ച അവര്‍ വിജാതീയരുടെ മാനസാന്തരവാര്‍ത്ത വിവരിച്ചുകേള്‍പ്പിച്ചുകൊണ്ട് ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. സഹോദരന്‍മാര്‍ക്കെല്ലാം വലിയ സന്തോഷമുളവായി.4 ജറുസലെമില്‍ എത്തിയപ്പോള്‍ സഭയും അപ്പസ്‌തോലന്‍മാരും ശ്രേഷ്ഠന്‍മാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങള്‍ മുഖാന്തരം പ്രവര്‍ത്തിച്ച കാര്യങ്ങള്‍ അവര്‍ പ്രഖ്യാപിച്ചു.5 എന്നാല്‍, ഫരിസേയരുടെ ഗണത്തില്‍നിന്നു വിശ്വാസം സ്വീകരിച്ച ചിലര്‍ എഴുന്നേറ്റുപ്രസ്താവിച്ചു: അവരെ പരിച്‌ഛേദനംചെയ്യുകയും മോശയുടെ നിയമം പാലിക്കണമെന്ന് അവരോടു നിര്‍ദേശിക്കുകയും ചെയ്യുക ആവശ്യമാണ്.6 ഇക്കാര്യം പരിഗണിക്കാന്‍ അപ്പസ്‌തോലന്‍മാരും ശ്രേഷ്ഠന്‍മാരും ഒരുമിച്ചുകൂടി.7 വലിയ വാദപ്രതിവാദം നടന്നപ്പോള്‍, പത്രോസ് എഴുന്നേറ്റു പറഞ്ഞു: സഹോദരന്‍മാരേ, വളരെ മുമ്പുതന്നെ ദൈവം നിങ്ങളുടെയിടയില്‍ ഒരു തെരഞ്ഞെടുപ്പു നടത്തുകയും വിജാതീയര്‍ എന്റെ അധരങ്ങളില്‍നിന്നു സുവിശേഷവചനങ്ങള്‍കേട്ടു വിശ്വസിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു എന്നു നിങ്ങള്‍ക്കറിയാമല്ലോ.8 ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കെന്നതുപോലെ അവര്‍ക്കും പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് അവരെ അംഗീകരിച്ചു.9 നമ്മളും അവരും തമ്മില്‍ അവിടുന്നു വ്യത്യാസം കല്‍പിച്ചില്ല; അവരുടെ ഹൃദയങ്ങളെയും വിശ്വാസം കൊണ്ടു പവിത്രീകരിച്ചു.10 അതുകൊണ്ട്, നമ്മുടെ പിതാക്കന്‍മാര്‍ക്കോ നമുക്കോ താങ്ങാന്‍ വയ്യാതിരുന്ന ഒരു നുകം ഇപ്പോള്‍ ശിഷ്യരുടെ ചുമലില്‍ വച്ചുകെട്ടി എന്തിനു ദൈവത്തെനിങ്ങള്‍ പരീക്ഷിക്കുന്നു?11 അവരെപ്പോലെതന്നെ നാമും രക്ഷപ്രാപിക്കുന്നത് കര്‍ത്താവായ യേശുവിന്റെ കൃപയാലാണെന്നു നാം വിശ്വസിക്കുന്നു.12 സമൂഹം നിശ്ശബ്ദമായിരുന്നു. തങ്ങള്‍വഴി വിജാതീയരുടെയിടയില്‍ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും അടയാളങ്ങളും ബാര്‍ണബാസും പൗലോസും വിവരിച്ചത് അവര്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുകൊണ്ടിരുന്നു.13 അവര്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ യാക്കോബ് പറഞ്ഞു: സഹോദരന്‍മാരേ, ഞാന്‍ പറയുന്നത് കേള്‍ക്കുവിന്‍.14 തന്റെ നാമത്തിനുവേണ്ടി വിജാതീയരില്‍നിന്ന് ഒരു ജനത്തെ തെരഞ്ഞെടുക്കാന്‍ ദൈവം ആദ്യം അവരെ സന്ദര്‍ശിച്ചതെങ്ങനെയെന്നു ശിമയോന്‍ വിവരിച്ചുവല്ലോ.15 പ്രവാചകന്‍മാരുടെ വാക്കുകള്‍ ഇതിനോടു പൂര്‍ണമായി യോജിക്കുന്നു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു:16 ഇതിനുശേഷം ഞാന്‍ തിരിച്ചുവരും. ദാവീദിന്റെ വീണുപോയ കൂടാരം ഞാന്‍ വീണ്ടും പണിയും. അതിന്റെ ന ഷ്ടശിഷ്ടങ്ങളില്‍നിന്ന് ഞാന്‍ അതിനെ പുതുക്കിപ്പണിയും. അതിനെ ഞാന്‍ വീണ്ടും ഉയര്‍ത്തിനിര്‍ത്തും.17 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ശേഷിക്കുന്ന ജനങ്ങളും എന്റെ നാമത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിജാതീയരും കര്‍ത്താവിനെ അന്വേഷിക്കുന്നതിനുവേണ്ടിയാണിത്.18 അവിടുന്നു പുരാതനകാലംമുതല്‍ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.19 അതിനാല്‍, ദൈവത്തിലേക്കു തിരിയുന്ന വിജാതീയരെ നാം വിഷമിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം.20 എന്നാല്‍, അവര്‍ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന മാലിന്യത്തില്‍നിന്നും വ്യഭിചാരത്തില്‍നിന്നും കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടവയില്‍ നിന്നും രക്തത്തില്‍ നിന്നും അകന്നിരിക്കാന്‍ അവര്‍ക്ക് എഴുതണം.21 എന്തെന്നാല്‍, തലമുറകള്‍ക്കു മുമ്പുതന്നെ എല്ലാ നഗരങ്ങളിലും മോശയുടെ നിയമം പ്രഘോഷിക്കുന്ന ചിലരുണ്ടായിരുന്നു. എല്ലാ സാബത്തിലും സിനഗോഗുകളില്‍ അതു വായിക്കുകയും ചെയ്യുന്നുണ്ട്.

സൂനഹദോസ് തീരുമാനം

22 തങ്ങളില്‍നിന്നു ചിലരെ തെരഞ്ഞെടുത്ത് ബാര്‍ണബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യായിലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന് അപ്പസ്‌തോലന്‍മാര്‍ക്കും ശ്രേഷ്ഠന്‍മാര്‍ക്കും സഭയ്ക്കുമുഴുവനും തോന്നി. സഹോദരന്‍മാ രില്‍ നേതാക്കന്‍മാരായിരുന്ന ബാര്‍സബാസ് എന്നു വിളിക്കുന്ന യൂദാസിനെയും സീലാസിനെയും ഒരു എഴുത്തുമായി അവര്‍ അയച്ചു.23 എഴുത്ത് ഇപ്രകാരമായിരുന്നു: അപ്പസ്‌തോലന്‍മാരും ശ്രേഷ്ഠന്‍മാരുമായ സഹോദരന്‍മാര്‍ അന്ത്യോക്യായിലെയും സിറിയായിലെയും കിലിക്യായിലെയും വിജാതീയരില്‍നിന്നുള്ള സഹോദരരായ നിങ്ങള്‍ക്ക് അഭിവാദനമര്‍പ്പിക്കുന്നു.24 ഞങ്ങളില്‍ ചിലര്‍ പ്രസംഗങ്ങള്‍ മുഖേന നിങ്ങള്‍ക്കു മനശ്ചാഞ്ചല്യം വരുത്തിക്കൊണ്ടു നിങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന് ഞങ്ങള്‍കേട്ടു. ഞങ്ങള്‍ അവര്‍ക്കുയാതൊരു നിര്‍ദേശവും നല്‍കിയിരുന്നില്ല.25 അതുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട ചിലരെ നമ്മുടെ പ്രിയപ്പെട്ട ബാര്‍ണബാസിനോടും പൗലോസിനോടുമൊപ്പം നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കുന്നത് നന്നായിരിക്കുമെന്ന് ഞങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു.26 അവര്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെപ്രതി സ്വന്തം ജീവനെപ്പോലും പണയപ്പെടുത്തിയിരിക്കുന്നവരാണല്ലോ.27 അതുകൊണ്ട്, ഞങ്ങള്‍ യൂദാസിനെയും സീലാസിനെയും അയച്ചിരിക്കുന്നു. ഈ കാര്യങ്ങള്‍തന്നെ അവര്‍ നിങ്ങളോടു നേരിട്ടു സംസാരിക്കുന്നതായിരിക്കും.28 താഴെപ്പറയുന്ന അത്യാവശ്യകാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി.29 വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്നു നിങ്ങള്‍ അകന്നിരിക്കണം. ഇവയില്‍നിന്ന് അകന്നിരുന്നാല്‍ നിങ്ങള്‍ക്കു നന്ന്. മംഗളാശംസകള്‍!30 അവര്‍യാത്രതിരിച്ച് അന്ത്യോക്യായില്‍ എത്തി; ജനങ്ങളെ മുഴുവന്‍ വിളിച്ചുകൂട്ടി എഴുത്ത് അവരെ ഏല്‍പിച്ചു.31 അവര്‍ ആ ഉപദേശം വായിച്ച് സന്തുഷ്ടരായി.32 പ്രവാചകന്‍മാര്‍ കൂടിയായിരുന്ന യൂദാസും സീലാസും സഹോദരര്‍ക്ക് വളരെ ഉപദേശങ്ങള്‍ നല്‍കുകയും അവരെ വിശ്വാസത്തില്‍ ശക്തിപ്പെടുത്തുകയും ചെയ്തു.33 അവര്‍ കുറെനാള്‍ അവിടെ ചെലവഴിച്ചു.34 പിന്നീട് അവരെ അയച്ചവരുടെ അടുക്കലേക്ക് സഹോദരര്‍ അവരെ സൗഹാര്‍ദ്ദപൂര്‍വ്വംയാത്രയാക്കി.35 എന്നാല്‍, പൗലോസും ബാര്‍ണബാസും മറ്റു പലരോടുമൊപ്പം കര്‍ത്താവിന്റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അന്ത്യോക്യായില്‍ താമസിച്ചു.

പൗലോസും ബാര്‍ണബാസും വേര്‍പിരിയുന്നു

36 കുറെദിവസം കഴിഞ്ഞപ്പോള്‍ പൗലോസ് ബാര്‍ണബാസിനോടു പറഞ്ഞു: വരൂ, നാം കര്‍ത്താവിന്റെ വചനം പ്രസംഗിച്ച എല്ലാ നഗരങ്ങളിലും തിരിച്ചുചെന്ന് സഹോദരരെ സന്ദര്‍ശിച്ച് അവര്‍ എങ്ങനെ കഴിയുന്നുവെന്ന് അറിയാം.37 മര്‍ക്കോസ് എന്നു വിളിക്കപ്പെടുന്ന യോഹന്നാനെക്കൂടി കൊണ്ടുപോകാന്‍ ബാര്‍ണബാസ് ആഗ്രഹിച്ചു.38 എന്നാല്‍, പാംഫീലിയായില്‍വച്ച് തങ്ങളില്‍നിന്നു പിരിഞ്ഞുപോവുകയും പിന്നീട് ജോലിയില്‍ തങ്ങളോടു ചേരാതിരിക്കുകയുംചെയ്ത ഒരുവനെ കൂടെ കൊണ്ടുപോകാതിരിക്കുകയാണ് നല്ലത് എന്നായിരുന്നു പൗലോസിന്റെ പക്ഷം.39 ശക്തമായ അഭിപ്രായഭിന്നതമൂലം അവര്‍ പിരിഞ്ഞു. ബാര്‍ണബാസ് മര്‍ക്കോസിനെയും കൂട്ടി സൈപ്രസിലേക്കു കപ്പല്‍ കയറി.40 പൗലോസ് സീലാസിനെ തെരഞ്ഞെടുത്ത് അവനോടുകൂടെയാത്രതിരിച്ചു. സഹോദരരെല്ലാം അവരെ കര്‍ത്താവിന്റെ കൃപയ്ക്കു ഭരമേല്‍പിച്ചു.41 അവന്‍ സഭകളെ ശക്തിപ്പെടുത്തിക്കൊണ്ട് സിറിയായിലൂടെയും കിലിക്യായിലൂടെയും സഞ്ചരിച്ചു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment