⚜️⚜️⚜️ February 2️⃣4️⃣⚜️⚜️⚜️
കെന്റിലെ വിശുദ്ധ എതെല്‍ബെര്‍ട്ട്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

AD 560-ലാണ് വിശുദ്ധ എതെല്‍ബെര്‍ട്ട് ജനിച്ചത്. ആംഗ്ലോ-സാക്സണ്‍മാരുടെ കാലഘട്ടത്തിലാണ് വിശുദ്ധന്‍ ജീവിച്ചിരുന്നത്. ബ്രിട്ടണ്‍ ആക്രമിച്ച ആദ്യ സാക്സണ്‍ ആയിരുന്ന ഹെന്‍ഗിസ്റ്റിന്റെ പേരകുട്ടിയായിരുന്നു വിശുദ്ധന്‍. ഹെന്‍ഗിസ്റ്റ് 560 മുതല്‍ ഏതാണ്ട് 36 വര്‍ഷത്തോളം ഏറ്റവും പഴയ രാജ്യങ്ങളിലൊന്നായ കെന്റില്‍ ഭരണം നടത്തി. 568-ല്‍ വിംമ്പിള്‍ഡന്‍ യുദ്ധത്തില്‍ വെച്ച് വെസ്സെക്സിലെ സീവ്ലിന്‍, എതെല്‍ബെര്‍ട്ടിനെ പരാജയപ്പെടുത്തിയെങ്കിലും അദ്ദേഹം മൂന്നാമത്തെ ആംഗ്ലോ സാക്സണ്‍ ഭരണാധികാരിയാവുകയും, ഹമ്പറിനു തെക്കുള്ള എല്ലാ സാക്സണ്‍ രാജാക്കന്‍മാരുടേയും രാജകുമാരന്‍മാരുടേയും മേല്‍ ആധിപത്യം നേടുകയും ചെയ്തു. അദ്ദേഹം ഫ്രാങ്കിഷ് റൈന്‍ലാന്‍ഡുമായി അടുത്ത ബന്ധം വച്ച് പുലര്‍ത്തിയിരുന്നു.

ഫ്രാങ്കിഷ് രാജാവായിരുന്ന ക്ലോവിസിന്റെ പേരകുട്ടിയും ഒരു ക്രിസ്ത്യന്‍ രാജകുമാരിയുമായിരുന്ന ബെര്‍ത്തായേയാണ് എതെല്‍ബെര്‍ട്ട് വിവാഹം ചെയ്തത്. വിവാഹ ഉടമ്പടി പ്രകാരം രാജകുമാരിക്ക് തന്റെ മത വിശ്വാസം തുടരുന്നതിനുള്ള അധികാരം ഉണ്ടായിരുന്നു. അവള്‍ തന്റെ പുരോഹിതനും സെനില്‍സിലെ മെത്രാനുമായിരുന്ന വിശുദ്ധ ലിയുഡ്ഹാര്‍ഡിനേയും തന്റെ കൂടെ കൊണ്ട് വന്നു. റോമന്‍ കാലഘട്ടത്തില്‍ വിശുദ്ധ ലിയുഡ്ഹാര്‍ഡ്, കാന്റര്‍ബറിയില്‍ പണികഴിപ്പിക്കുകയും വിശുദ്ധ മാര്‍ട്ടിന്റെ നാമധേയത്തില്‍ സമര്‍പ്പിക്കുകയും ചെയ്യപ്പെട്ടിരുന്ന ഒരു ദേവാലയത്തില്‍ വെച്ച്, അവിശ്വാസികളുടെ നാട്ടില്‍ അദ്ദേഹം സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ചു.

ബെര്‍ത്താ ഒരു സ്നേഹവതിയും, മാന്യയുമായ ഒരു സ്ത്രീയായിരുന്നു. അവളുടെ ജീവിതത്തെ കുറിച്ച് നമൂക്ക് വളരെകുറച്ച് കാര്യങ്ങള്‍ മാത്രമേ അറിവുള്ളൂവെങ്കിലും, ആ പുരാതന നാളുകളിലെ തിളങ്ങുന്ന ഒരു നക്ഷത്രമായി ബെര്‍ത്തായുടെ ഓര്‍മ്മ ഇന്നും നിലനില്‍ക്കുന്നു. ബെര്‍ത്താ ഉത്സാഹവതിയും, വളരെയേറെ ദൈവഭക്തിയുമുള്ള ഒരു ക്രിസ്തീയ രാജകുമാരിയായിരുന്നു.

എതെല്‍ബെര്‍ട്ടിനും, അദ്ദേഹത്തിന്റെ ആളുകള്‍ക്കും ക്രിസ്തീയ ജീവിതത്തിന്റെ ഒരു മാതൃകയായിരുന്നു ബെര്‍ത്താ, മാത്രമല്ല ആഗസ്റ്റിന്റെ വരവിനു മുന്‍പുള്ള മാര്‍ഗ്ഗം ഇവര്‍ തെളിയിക്കുകയും ചെയ്തു. മഹാനായ വിശുദ്ധ ഗ്രിഗറി ബെര്‍ത്തായുടെ ഉത്സാഹത്തേയും, ഭക്തിയേയും വിശുദ്ധ ഹെലന്റെ ഭക്തിയോട് സാമ്യപ്പെടുത്തിയത് ചരിത്രരേഖകളില്‍ നമ്മുക്ക് കാണാന്‍ സാധിയ്ക്കും. എതെല്‍ബെര്‍ട്ട് വളരെയേറെ മര്യാദയുള്ളൊരു വ്യക്തിയായിരുന്നുവെങ്കിലും അദ്ദേഹം ക്രിസ്ത്യാനിയായിട്ടില്ലായിരുന്നു. മഹാനായ ഗ്രിഗറി പാപ്പ വിശുദ്ധ ആഗസ്റ്റീനേയും അദ്ദേഹത്തിന്റെ സുവിശേഷകരേയും ഈ നാട്ടിലേക്ക് അയക്കുകയും അവര്‍ അവിടെ താനെറ്റ് എന്ന ദ്വീപില്‍ കപ്പലിറങ്ങുകയും തങ്ങളുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി എതെല്‍ബെര്‍ട്ടിന്റെ അനുവാദം ചോദിക്കുകയും ചെയ്തു.

എതെല്‍ബെര്‍ട്ട് അവരോടു അവിടെ താന്‍ ഒരു തീരുമാനമെടുക്കുന്നത് വരെ അവിടെ തുടരുവാന്‍ ആവശ്യപ്പെടുകയും അവരെ നല്ലപോലെ പരിപാലിക്കുകയും ചെയ്തു. എന്നാല്‍ ഈ സുവിശേഷകര്‍ വല്ല മന്ത്രവാദികളുമായിരിക്കുമെന്ന് എതെല്‍ബെര്‍ട്ട് ഭയപ്പെട്ടു, അതിനാല്‍ അദ്ദേഹം തന്‍റെ ഭവനത്തിലേക്ക് വരാന്‍ അനുവദിച്ചിരുന്നില്ല. അക്കാലങ്ങളില്‍ പൊതുസ്ഥലത്ത് വച്ച് മന്ത്രങ്ങള്‍ ഉരുവിട്ടാല്‍ അവ ഫലിക്കില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു. അതിനാല്‍ താനെറ്റ് എന്ന ദ്വീപിലെ വലിയൊരു ഓക്ക് മരത്തിനു ചുവട്ടില്‍ അവരുമായിട്ടുള്ള കൂടിക്കാഴ്ചക്ക് എതെല്‍ബെര്‍ട്ട് തീരുമാനമെടുത്തു.

ഒരു തെളിഞ്ഞ സുപ്രഭാതത്തില്‍ റോമിന്റെ ആ സന്ദേശവാഹകര്‍ തങ്ങള്‍ക്ക് മുന്‍പിലായി ഒരു വലിയ വെള്ളിക്കുരിശും, മരപ്പലകയില്‍ വരച്ചിട്ടുള്ള യേശുവിന്റെ ചിത്രവുമായി പ്രാര്‍ത്ഥനകളും ചൊല്ലികൊണ്ട് എതെല്‍ബെര്‍ട്ടുമായുള്ള കൂടിക്കാഴ്ചക്ക് വന്നു. ഏറ്റവും മുന്‍പിലായി വിശുദ്ധ ആഗസ്റ്റീനായിരുന്നു. അവര്‍ മുന്നോട്ട് വരുംതോറും തങ്ങളുടേയും ഇംഗ്ലണ്ടിന്റേയും മോക്ഷത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

വലിയൊരു രാജസേവക വൃന്ദത്തിനു നടുവിലായിരുന്നു രാജാവിരുന്നത്. അവര്‍ തങ്ങളുടെ സന്ദര്‍ശകരെ ഉചിതമായ വിധത്തില്‍ സ്വീകരിച്ചിരുത്തി. ആഗസ്റ്റിനു പറയുവാനുണ്ടായിരുന്നത് വളരെയേറെ ശ്രദ്ധയോടു കൂടി കേട്ടതിനു ശേഷം അദ്ദേഹം ഇപ്രകാരം മറുപടി കൊടുത്തു: “നീ നല്ല വിധം സംസാരിക്കുകയും നല്ല വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു, ഇതെല്ലാം എനിക്ക് പുതിയതും യാതൊരു ഉറപ്പുമില്ലാത്തതുമാണ്, ഇത്രയും കാലം ഞാനും എന്റെ മുഴുവന്‍ രാജ്യവും വിശുദ്ധമായി കണ്ടിരുന്നവയെല്ലാം ഉപേക്ഷിച്ചിട്ട് നിങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വസിക്കുകയെന്നത് സാധ്യമല്ല. എന്നാല്‍ ഇത്രയും ദൂരം താണ്ടി താങ്കള്‍ ഇവിടെ വരികയും നിങ്ങളുടേതായതെല്ലാം ഞങ്ങള്‍ക്കും പങ്കുവെക്കുവാന്‍ തയ്യാറായതിനാലും ഞങ്ങള്‍ നിങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും വരുത്തുകയില്ല, മറിച്ച് നിങ്ങള്‍ക്ക് ജീവിക്കുവാന്‍ വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്ത് തരാം, നിങ്ങളുടെ മതവിശ്വാസത്തിലും മതപ്രചാരണപ്രവര്‍ത്തനങ്ങളേയും ഞങ്ങള്‍ ശല്ല്യപ്പെടുത്തുകയില്ല. നിങ്ങള്‍ക്ക് സാധ്യമായവരെയെല്ലാം മതപരിവര്‍ത്തനം ചെയ്യുവാന്‍ ഞാന്‍ നിങ്ങളെ അനുവദിച്ചിരിക്കുന്നു”.

വിശുദ്ധന്‍ അവരെ തന്റെ രാജകീയ നഗരിയായ കാന്റര്‍ബറിയില്‍ പാര്‍പ്പിച്ചു. വിശുദ്ധ ഗ്രിഗറി അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്ന ഇയൂലോജിയൂസിനയച്ച കത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ആ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി ഏതാണ്ട് 10,000 ത്തോളം പേര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. 597ലേ പെന്തക്കോസ്ത് തിരുനാള്‍ ദിനത്തില്‍ എതെല്‍ബെര്‍ട്ട് രാജാവ്, വിശുദ്ധ ആഗസ്റ്റീനില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചു.

601-ല്‍ വിശുദ്ധ ഗ്രിഗറി എതെല്‍ബെര്‍ട്ട് രാജാവിനെ പ്രോത്സാഹിപ്പിക്കുകയും, ഒരു ക്രിസ്ത്യാനിയായതില്‍ അഭിനന്ദിക്കുകയും ചെയ്തുകൊണ്ടൊരു കത്തെഴുതി. കോണ്‍സ്റ്റന്റൈന്റേയും, ക്ലോവിസിന്റേയും മതപരിവര്‍ത്തനം ക്രൈസ്തവലോകത്തെ ഇത്രമാത്രം കോരിത്തരിപ്പിച്ച ഒരു നിമിഷവും ഉണ്ടായിട്ടില്ല. യേശുവിനെ സ്വീകരിച്ച എതെല്‍ബെര്‍ട്ട് മറ്റൊരു മനുഷ്യനായി മാറുകയായിരുന്നു. തന്റെ ജീവിതത്തിന്റെ അവസാന 20 വര്‍ഷക്കാലത്തോളം അദ്ദേഹത്തിന്റെ ഏക ആഗ്രഹം തന്റെ പ്രജകളുടെ മനസ്സില്‍ ക്രിസ്തുവിനേ പ്രതിഷ്ട്ടിക്കുകയെന്നതായിരിന്നു. യേശുവിനോടുള്ള ഭക്തിക്ക് അദ്ദേഹം ഒരിക്കലും ഒരു കുറവും വരുത്തിയിരിന്നില്ല. അധികാരത്തിന്റേയും, സമ്പത്തിന്റെയും ഇടക്കും എതെല്‍ബെര്‍ട്ട് പരിപൂര്‍ണ്ണമായ വിശ്വാസ ജീവിതത്തില്‍ മുന്നേറി.

വിശുദ്ധന്‍ വിഗ്രഹാരാധനയെ ഇല്ലായ്മ ചെയ്തു. വിഗ്രഹാരാധകരുടെ ക്ഷേത്രങ്ങള്‍ ദേവാലയങ്ങളാക്കി മാറ്റി. എന്നിരുന്നാലും പൂര്‍ണ്ണമനസ്സോടെയുള്ള മതപരിവര്‍ത്തനമാണ് യഥാര്‍ത്ഥ പരിവര്‍ത്തനം എന്നറിയാമായിരുന്നതിനാല്‍ അദ്ദേഹം തന്റെ പ്രജകള്‍ക്ക് മതവിശ്വാസത്തിന്‍റെ കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. എന്നിരുന്നാലും ആയിരകണക്കിനാളുകള്‍ മതപരിവര്‍ത്തനം ചെയ്തു. കെന്റിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിയമാവലിയായിരുന്നു ഇതുവരെ അറിയപ്പെട്ടതിലേതും വെച്ച് ജെര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ട ഏറ്റവും ആദ്യത്തെ നിയമാവലി. ഇതില്‍ ഏറ്റവും ആദ്യത്തേത്, ‘ആരെങ്കിലും ദേവാലയത്തില്‍ നിന്നോ പുരോഹിതന്‍മാരില്‍ നിന്നോ മോഷ്ടിക്കുകയാണെങ്കില്‍ ഉടനടിതന്നെ പരിഹാരവും ചെയ്യേണ്ടതാണ്’ എന്നതായിരുന്നു.

വിശുദ്ധ എതെല്‍ബെര്‍ട്ട് തന്റെ രാജകൊട്ടാരം വിശുദ്ധ ആഗസ്റ്റിനു നല്‍കുകയും, അവിടെ ഒരു കത്രീഡല്‍ പള്ളി പണിയുകയും ചെയ്തു. കൂടാതെ നഗരകവാടത്തിനു പുറത്തായി വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും നാമധേയത്തില്‍ ഒരു ആശ്രമം പണികഴിപ്പിക്കുകയും ചെയ്തു. ഇത് പില്‍ക്കാലത്ത് വിശുദ്ധ ആഗസ്റ്റിന്റെ പേരില്‍ അറിയപ്പെട്ടു. റോച്ചസ്റ്ററിലെ വിശുദ്ധ ആൻട്രൂസിന്റേതുള്‍പ്പെടെ നിരവധി ദേവാലയങ്ങള്‍ക്ക് വിശുദ്ധന്‍ അടിത്തറയിടുകയും ചെയ്തു. കിഴക്കന്‍ ദേശത്തെ സാക്സണ്‍ രാജാവായിരുന്ന സെബെര്‍ട്ടിന്റേയും, കിഴക്കന്‍ എയിഞ്ചല്‍സിലെ രാജാവായിരുന്ന റെഡ്വാള്‍ഡിന്റേയും മതപരിവര്‍ത്തനത്തിനു പിന്നിലെ ഉപകരണം വിശുദ്ധ എതെല്‍ബെര്‍ട്ട് ആയിരുന്നു. സെബെര്‍ട്ട് രാജാവിന്റെ ഭൂപ്രദേശമായിരുന്ന ലണ്ടനില്‍ വിശുദ്ധന്‍ ഒരു കത്രീഡല്‍ ദേവാലയം നിര്‍മ്മിച്ചു.

ഇംഗ്ലീഷ് പ്രദേശങ്ങളിലെ സുവിശേഷപ്രഘോഷണ രംഗത്തുണ്ടായ പുരോഗതിയില്‍ വിശുദ്ധ ഗ്രിഗറി പാപ്പാ വളരെയധികം സന്തുഷ്ടനായിരുന്നു. അദ്ദേഹം വിശുദ്ധ എതെല്‍ബെര്‍ട്ടിന് നിരവധി സമ്മാനങ്ങള്‍ അയക്കുകയുണ്ടായി. “നിരവധി നല്ല സമ്മാനങ്ങളാല്‍ ദൈവം നിന്നെ അനുഗ്രഹിച്ചത് പോലെ, നിന്റെ ജനത്തേയും ദൈവം അനുഗ്രഹിക്കുമെന്ന് എനിക്കറിയാം” എന്ന് വിശുദ്ധ ഗ്രിഗറി പാപ്പാ വിശുദ്ധ എതെല്‍ബെര്‍ട്ടിന് എഴുതുകയുണ്ടായി. അദ്ദേഹം രാജാവിനോട് വിഗ്രഹാരാധകരുടെ ക്ഷേത്രങ്ങള്‍ നശിപ്പിക്കുവാനും തന്റെ ജനങ്ങളുടെ ധാര്‍മ്മികനിലവാരം ഉയര്‍ത്തുന്നതിനായി സ്വയം ഒരു മാതൃകയാകുവാനും ഉപദേശിക്കുകയും ചെയ്തു. 616 ഫെബ്രുവരി 24ന് കാന്റര്‍ബറിയില്‍ വച്ച് വിശുദ്ധ എതെല്‍ബെര്‍ട്ട് ദൈവസന്നിധിയിലേക്ക് യാത്രയായി.

വിശുദ്ധന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ഭൗതീകശരീരം വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും ആശ്രമത്തിലുള്ള വിശുദ്ധ മാര്‍ട്ടിന്റെ ദേവാലയത്തില്‍ തന്റെ ആദ്യഭാര്യയായിരുന്ന ബെര്‍ത്തായുടെ ശവകുടീരത്തിനു സമീപമായിരുന്നു അടക്കം ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അതേ ദേവാലയത്തിന്റെ അള്‍ത്താരക്ക് കീഴെ നിക്ഷേപിച്ചു. ഹെൻട്രി എട്ടാമന്‍ രാജാവിന്റെ സമയത്തുള്‍പ്പെടെ പല അവസരങ്ങലും ഇത് പലവിധ അത്ഭുതപ്രവര്‍ത്തികളുടേയും ഉറവിടമായി തീരുകയും ചെയ്തിട്ടുണ്ട്.

ആദ്യകാലം മുതലേ ഔദ്യോഗികമല്ലാത്ത പല ആരാധനകളും കാന്റര്‍ബറിയില്‍ വിശുദ്ധനായി നടത്തപ്പെടുന്നുണ്ടായിരുന്നുവെങ്കിലും, 13-മത്തെ നൂറ്റാണ്ടു മുതലാണ് വിശുദ്ധന്റെ തിരുനാള്‍ ദിനം റോമൻ ദിനസൂചികകളില്‍ ഇടംപിടിച്ചത്. ഫെബ്രുവരി 24 വിശുദ്ധ മത്തിയാസിന്റെ പേര്‍ക്ക് നല്‍കപ്പെട്ടതിനാല്‍ ഫെബ്രുവരി 25നു അല്ലേൽ 26 നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. റോമന്‍, ബ്രിട്ടീഷ് രക്തസാക്ഷി പട്ടികകളില്‍ വിശുദ്ധ എതെല്‍ബെര്‍ട്ടിനേയും അനുസ്മരിക്കുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️

1. അഡെലാ

2. അയര്‍ലന്‍റ്കാരനായ കുമിന്‍

3. സിസിലിയിലെ ജോണ്‍ തെറിസ്ത്രസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

പ്രഭാതത്തിലുണര്‍ന്ന്‌ അവളെ തേടുന്നവര്‍ പ്രയാസംകൂടാതെ അവളെ കണ്ടുമുട്ടും; അവള്‍ വാതില്‍ക്കല്‍ കാത്തുനില്‍പുണ്ട്‌.
ജ്‌ഞാനം 6 : 14

അവളില്‍ ചിന്തയുറപ്പിക്കുന്നതാണ്‌ വിവേകത്തിന്റെ പൂര്‍ണത. അവളുടെ കാര്യത്തില്‍ ജാഗരൂകതയുള്ളവന്‍ ദുഃഖവിമുക്‌തനാകും.
ജ്‌ഞാനം 6 : 15

യോഗ്യതയുള്ളവരെ ജ്‌ഞാനം അന്വേഷിച്ചുചെല്ലുന്നു, അവരുടെ ചിന്തകളിലും പാതകളിലും അവള്‍ കനിവോടെ പ്രത്യക്‌ഷപ്പെടുന്നു.
ജ്‌ഞാനം 6 : 16

ശിക്‌ഷണത്തോടുള്ള ആത്‌മാര്‍ത്‌ഥമായ അഭിലാഷമാണ്‌ ജ്‌ഞാനത്തിന്റെ ആരംഭം. ശിക്‌ഷണത്തെ സ്‌നേഹിക്കുന്നവന്‍ ജ്‌ഞാനത്തെ സ്‌നേഹിക്കുന്നു.
ജ്‌ഞാനം 6 : 17

അവളുടെ നിയമങ്ങള്‍ പാലിക്കലാണ്‌ അവളോടുള്ള സ്‌നേഹം. അവളുടെ നിയമങ്ങളിലുള്ള ശ്രദ്‌ധ അമര്‍ത്യതയുടെ വാഗ്‌ദാനമാണ്‌.
ജ്‌ഞാനം 6 : 18

അമര്‍ത്യത മനുഷ്യനെ ദൈവത്തിങ്കലേക്കടുപ്പിക്കുന്നു.
ജ്‌ഞാനം 6 : 19

Advertisements
Fediverse reactions
February 2022
S M T W T F S
 12345
6789101112
13141516171819
20212223242526
2728  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading