The Book of Numbers, Chapter 19 | സംഖ്യ, അദ്ധ്യായം 19 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 19

ശുദ്ധീകരണ ജലം

1 കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഞാന്‍ കല്‍പിക്കുന്ന അനുഷ്ഠാനവിധി ഇതാണ്. ഊനമില്ലാത്തതും നുകം വയ്ക്കാത്തതും ആയ ഒരു ചെമന്ന പശുക്കിടാവിനെ നിങ്ങളുടെയടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്യരോടു പറയുക.3 അതിനെ പുരോഹിതനായ എലെയാസറിനെ ഏല്‍പിക്കണം. പാളയത്തിനു വെളിയില്‍ കൊണ്ടുപോയി അവന്റെ മുമ്പില്‍വച്ച് അതിനെ കൊല്ലണം.4 പുരോഹിതനായ എലെയാസര്‍ അതിന്റെ രക്തത്തില്‍ വിരല്‍ മുക്കി സമാഗമകൂടാരത്തിന്റെ മുന്‍ഭാഗത്ത് ഏഴു പ്രാവശ്യം തളിക്കണം.5 പശുക്കുട്ടിയെ അവന്റെ മുമ്പില്‍വച്ചു ദഹിപ്പിക്കണം: തുകലും മാംസവും രക്തവും ചാണകവും എല്ലാം ദഹിപ്പിക്കണം.6 ദേവദാരു, ഹിസ്സോപ്പ്, ചെമന്ന നൂല്‍ ഇവയെടുത്തു പശുക്കിടാവിനെ ദഹിപ്പിക്കുന്ന അഗ്‌നിയില്‍ ഇടണം.7 പിന്നീട്, അവന്‍ വസ്ത്രങ്ങളലക്കി, കുളിച്ച്, പാളയത്തിലേക്കു വരണം: സന്ധ്യവരെ അവന്‍ അശുദ്ധനായിരിക്കും.8 പശുക്കിടാവിനെ ദഹിപ്പിച്ചവനും വസ്ത്രങ്ങളലക്കി കുളിക്കണം; സന്ധ്യവരെ അവന്‍ അശുദ്ധനായിരിക്കും.9 ശുദ്ധിയുള്ള ഒരാള്‍ പശുക്കിടാവിന്റെ ചാരം ശേഖരിച്ച് പാളയത്തിനു പുറത്തു വൃത്തിയുള്ള ഒരു സ്ഥലത്തു നിക്ഷേപിക്കണം; അത് ഇസ്രായേല്‍ക്കാര്‍ക്കു പാപമോചനത്തിനുള്ള ശുദ്ധീകരണജലം തയ്യാറാക്കുന്നതിനായി സൂക്ഷിക്കണം.10 പശുക്കിടാവിന്റെ ചാരം ശേഖരിച്ചവന്‍ വസ്ത്രം അലക്കണം; സന്ധ്യവരെ അവന്‍ അശുദ്ധനായിരിക്കും. ഇസ്രായേല്യര്‍ക്കും അവരുടെയിടയില്‍ പാര്‍ക്കുന്ന പരദേശികള്‍ക്കും ശാശ്വത നിയമമാണിത്.11 മൃതശരീരത്തെ സ്പര്‍ശിക്കുന്നവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും.12 മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധീകരണജലംകൊണ്ട് അവന്‍ തന്നെത്തന്നെ ശുദ്ധനാക്കണം; അപ്പോള്‍ അവന്‍ ശുദ്ധനാകും. മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധികര്‍മം നടത്തിയില്ലെങ്കില്‍ അവന്‍ ശുദ്ധിയുള്ളവനാകയില്ല.13 ശവശരീരം സ്പര്‍ശിച്ചിട്ട് തന്നെത്തന്നെ ശുദ്ധീകരിക്കാത്തവന്‍ കര്‍ത്താവിന്റെ കൂടാരത്തെ അശുദ്ധമാക്കുന്നു; അവനെ ഇസ്രായേലില്‍നിന്നു വിച്‌ഛേ ദിക്കണം. ശുദ്ധീകരണജലം തന്റെ മേല്‍ തളിക്കാത്തതുകൊണ്ട് അവന്‍ അശുദ്ധനാണ്. അവനില്‍ അശുദ്ധി നിലനില്‍ക്കുന്നു.14 കൂടാരത്തിനുള്ളില്‍വച്ച് ആരെങ്കിലും മരിച്ചാല്‍ അതേക്കുറിച്ചുള്ള നിയമമിതാണ്: കൂടാരത്തില്‍ പ്രവേശിക്കുന്നവനും കൂടാരത്തിലുള്ളവനും ഏഴു ദിവസത്തേക്ക് അശുദ്ധരായിരിക്കും.15 തുറന്നു വച്ചിരിക്കുന്ന പാത്രങ്ങളെല്ലാം അശുദ്ധമാകും.16 വാളിനിരയായവനെയോ ശവശരീരത്തെയോ മനുഷ്യാസ്ഥിയെയോ ശവക്കുഴിയെയോ വെളിയില്‍വച്ചു സ്പര്‍ശിക്കുന്നവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും.17 അശുദ്ധനായവനുവേണ്ടി പാപപരിഹാരബലിയില്‍നിന്നു ചാരമെടുത്ത് ഒരു പാത്രത്തിലിട്ട് അതില്‍ ഒഴുക്കുനീര്‍ കലര്‍ത്തണം.18 പിന്നീട് ശുദ്ധിയുള്ള ഒരാള്‍ ഹിസ്സോപ്പെടുത്ത് ആ വെള്ളത്തില്‍ മുക്കി കൂടാരം, ഉപകരണങ്ങള്‍ എന്നിവയുടെമേലും, അവിടെയുള്ള ആളുകള്‍, അസ്ഥിയെയോ കൊല്ലപ്പെട്ടവനെയോ ശവശരീരത്തെയോ ശവക്കുഴിയെയോ സ്പര്‍ശിച്ചവര്‍ തുടങ്ങി എല്ലാവരുടെയും മേലും തളിക്കണം.19 ശുദ്ധിയുള്ളവന്‍, അശുദ്ധനായവന്റെ മേല്‍ ഇപ്രകാരം മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കണം. ഏഴാം ദിവസം അവന്‍ വസ്ത്രം അലക്കി, കുളിച്ച്, തന്നെത്തന്നെ ശുദ്ധീകരിക്കണം. അന്നു സായാഹ്നം മുതല്‍ അവന്‍ ശുദ്ധനായിരിക്കും.20 അശുദ്ധനായിക്കഴിഞ്ഞിട്ട്, ശുദ്ധിനേടാത്ത വ്യക്തിയെ, കര്‍ത്താവിന്റെ വിശുദ്ധ സ്ഥലം അശുദ്ധമാക്കിയതിനാല്‍, സമൂഹത്തില്‍നിന്നു പുറംതള്ളണം. ശുദ്ധീകരണ ജലം തളിക്കപ്പെടാത്തതുകൊണ്ട് അവന്‍ അശുദ്ധനാണ്.21 ഇത് ശാശ്വത നിയമമാണ്. ശുദ്ധീകരണ ജലം തളിക്കുന്നവന്‍ തന്റെ വസ്ത്രം കഴുകണം. ആ ജലം തൊടുന്നവന്‍ സായാഹ്‌നംവരെ അശുദ്ധനായിരിക്കും.22 അശുദ്ധന്‍ സ്പര്‍ശിക്കുന്നതെന്തും അശുദ്ധമായിത്തീരും; അശുദ്ധമായിത്തീര്‍ന്നതിനെ സ്പര്‍ശിക്കുന്നവനും സായാഹ്‌നം വരെ അശുദ്ധനായിരിക്കും.

The Book of Numbers | സംഖ്യ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses and the Bronze Serpent
Advertisements
Tabernacle
Advertisements
Numbers 21
Advertisements

Leave a comment