🔥 🔥 🔥 🔥 🔥 🔥 🔥
10 Jul 2022
15th Sunday in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വഴിതെറ്റിയവര്‍
നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്
അങ്ങേ സത്യത്തിന്റെ പ്രകാശം
അവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.
ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാം
ആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനും
അനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
നിയ 30:10-14
വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും.
അക്കാലത്ത് മോശ ജനക്കൂട്ടത്തോടു പറഞ്ഞു: ഈ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന എല്ലാ കല്‍പനകളും ചട്ടങ്ങളും അനുസരിക്കുന്നതിനായി നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അവിടുത്തെ നേര്‍ക്കു തിരിയുകയും ചെയ്യുമെങ്കില്‍ മാത്രമേ അതു സംഭവിക്കൂ. ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന ഈ കല്‍പന നിന്റെ ശക്തിക്കതീതമോ അപ്രാപ്യമാം വിധം വിദൂരസ്ഥമോ അല്ല. നാം അതു കേള്‍ക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും ആയി നമുക്കുവേണ്ടി ആര് സ്വര്‍ഗത്തിലേക്കു കയറിച്ചെന്ന് അതു കൊണ്ടുവന്നു തരും എന്നു നീ പറയാന്‍, അതു സ്വര്‍ഗത്തിലല്ല. ഇതുകേട്ടു പ്രവര്‍ത്തിക്കാന്‍ ആര് കടലിനക്കരെ പോയി അതു നമുക്കുകൊണ്ടുവന്നു തരും എന്നുപറയാന്‍, അതു കടലിനക്കരെയുമല്ല. വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 69:13,16,29-30,32-33,35-36
പീഡിതരേ, ദൈവത്തെ അന്വേഷിക്കുക; നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!
കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു,
കര്‍ത്താവേ, എനിക്കുത്തരമരുളണമേ!
അങ്ങേ അചഞ്ചല സ്‌നേഹം അതിശ്രേഷ്ഠമാണല്ലോ;
കരുണാസമ്പന്നനായ അവിടുന്ന് എന്നെ കടാക്ഷിക്കണമേ!
പീഡിതരേ, ദൈവത്തെ അന്വേഷിക്കുക; നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!
ഞാന്‍ പീഡിതനും വേദന തിന്നുന്നവനുമാണ്;
ദൈവമേ, അങ്ങേ രക്ഷ എന്നെ സമുദ്ധരിക്കട്ടെ!
ഞാന്‍ ദൈവത്തിന്റെ നാമത്തെപാടിസ്തുതിക്കും,
കൃതജ്ഞതാസ്‌തോത്രത്തോടെ ഞാന്‍ അവിടുത്തെ മഹത്വപ്പെടുത്തും.
പീഡിതരേ, ദൈവത്തെ അന്വേഷിക്കുക; നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!
പീഡിതര്‍ അതുകണ്ട് ആഹ്‌ളാദിക്കട്ടെ!
ദൈവത്തെ അന്വേഷിക്കുന്നവരേ,
നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!
കര്‍ത്താവു ദരിദ്രന്റെ പ്രാര്‍ഥന കേള്‍ക്കുന്നു;
ബന്ധിതരായ സ്വന്തം ജനത്തെഅവിടുന്നു നിന്ദിക്കുകയില്ല.
പീഡിതരേ, ദൈവത്തെ അന്വേഷിക്കുക; നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!
ദൈവം സീയോനെ രക്ഷിക്കും;
യൂദായുടെ നഗരങ്ങള്‍ പുതുക്കിപ്പണിയും;
അവിടുത്തെ ദാസര്‍ അതില്‍ പാര്‍ത്ത് അതു കൈവശമാക്കും.
അവിടുത്തെ ദാസന്മാരുടെ സന്തതികള്‍
അത് അവകാശമാക്കും.
അവിടുത്തെ നാമത്തെ സ്‌നേഹിക്കുന്നവര്‍
അതില്‍ വസിക്കുകയും ചെയ്യും.
പീഡിതരേ, ദൈവത്തെ അന്വേഷിക്കുക; നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!
രണ്ടാം വായന
കൊളോ 1:15-20
എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്.
സഹോദരരേ, യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനു വേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു. അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍ നിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാ കാര്യങ്ങളിലും അവന്‍ പ്രഥമസ്ഥാനീയനായി. എന്തെന്നാല്‍, അവനില്‍ സര്‍വസമ്പൂര്‍ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്സായി. സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയ രക്തംവഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
യോഹ. 10/14.
അല്ലേലൂയ!അല്ലേലൂയ!
ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനേയും അറിയുന്ന പോലെ ഞാൻ എനിക്കുള്ളവയേയും എനിക്കുള്ളവ എന്നെയും അറിയുന്നു.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 10:25-37
ആരാണ് എന്റെ അയല്‍ക്കാരന്‍?
അക്കാലത്ത്, ഒരു നിയമജ്ഞന്‍ എഴുന്നേറ്റുനിന്ന് യേശുവിനെ പരീക്ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? അവന്‍ ചോദിച്ചു: നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? അവന്‍ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടും പൂര്‍ണമനസ്സോടും കൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും. അവന്‍ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും. എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണ് എന്റെ അയല്‍ക്കാരന്‍? യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍ നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ്, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്തുകയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു. അടുത്തദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം. കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്? അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കേണപേക്ഷിക്കുന്ന
സഭയുടെ കാണിക്കകള്‍ കടാക്ഷിക്കുകയും
അവയുടെ സ്വീകരണം
വിശ്വാസികളുടെ വിശുദ്ധീകരണത്തിന്റെ വര്‍ധനയ്ക്ക്
ഇടയാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 84:3-4
ബലവാനായ കര്‍ത്താവേ,
എന്റെ രാജാവേ, എന്റെ ദൈവമേ,
കുരുകില്‍പക്ഷി ഒരു സങ്കേതവും
മീവല്‍പക്ഷി തന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഒരു കൂടും
അങ്ങേ അള്‍ത്താരയില്‍ കണ്ടെത്തുന്നുവല്ലോ.
എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
Or:
യോഹ 6:57
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും
എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍
എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ദാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ദിവ്യരഹസ്യത്തിലുള്ള പങ്കാളിത്തത്തോടൊപ്പം
ഞങ്ങളുടെ രക്ഷയുടെ ഫലവും വര്‍ധമാനമാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️