മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…
മലങ്കര സുറിയാനി കത്തോലിക്കാ സഭാ പുനരൈക്യത്തിൽ ചരിത്രം സൃഷ്ടിച്ച, ഒരു നൂറ്റാണ്ടിന്റെ പുരോഹിതൻ, ഫാ. ഗീവർഗീസ് ചുട്ടിവട്ടം…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് ഓർത്തഡോക്സ്, യാക്കോബായ, മർത്തോമ, തൊഴിയൂർ സഭകളിൽ നിന്ന് വിവിധ കാലങ്ങളിലായി അനേകം വൈദികരും വിശ്വാസികളും പുനരൈക്യപ്പെട്ട് ഈ സഭയുടെ ഭാഗമായി തീർന്നിട്ടുണ്ടെങ്കിലും ഏറ്റവുമധികം ആളുകളുമായി ഒരു ദിവസം പുനരൈക്യപ്പെട്ട് ചരിത്രമായത് ഗീവർഗീസ് ചുട്ടിവട്ടത്ത് അച്ചനാണ്, 93 കുടുംബങ്ങളിൽ നിന്ന് 453 വ്യക്തികളാണ് 1962 ഒക്ടോബർ 4ന് തിരുവനന്തപുരം അതിരൂപതാധ്യക്ഷനായിരുന്ന ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ മുമ്പാകെ സത്യവിശ്വാസം ഏറ്റുപറഞ്ഞ് കത്തോലിക്കാ സഭാംഗങ്ങളായി തീർന്നത്.
കമുകുംപള്ളിൽ കുഞ്ഞുമ്മൻ ഗീവറുഗീസ്, ചുട്ടിവട്ടത്ത് ഏലിയാമ്മ ഗീവറുഗീസ് ദമ്പതികളുടെ ഒമ്പത് മക്കളിൽ രണ്ടാമനായി 1909 ജനുവരി 21ന് ജനിച്ചു, അതേ വർഷം ഏപ്രിൽ 11ന് കലഞ്ഞൂർ സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ മാമോദീസ സ്വീകരിച്ച് ഗീവർഗീസ് സഹദായുടെ നാമധാരിയായി. ദാനിയേൽ വറുഗീസ്, അന്നമ്മ ഉമ്മൻ, ചിന്നമ്മ ജോൺ , തങ്കമ്മ ജോർജ്ജ്, ജോഷ്വാ വറുഗീസ് (ബേബി), ബർസാമ്മ വറുഗീസ് (കുഞ്ഞപ്പി), ജോൺ വറുഗീസ്, പൊന്നമ്മ ശൗൽ എന്നിവരാണ് സഹോദരങ്ങൾ.
ഇന്നത്തെ കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഏഴാം ക്ളാസ് പൂർത്തിയാക്കി, തുടർന്ന് പഠിക്കാൻ അടുത്തെങ്ങും സ്കൂളുകൾ ഇല്ലായിരുന്നതിനാൽ സ്വപിതാവിനെ കുടുംബ കാര്യത്തിലും കൃഷിയിലും സഹായിച്ചു. 1931 ഫെബ്രുവരി മാസത്തിൽ മൂന്നു നോമ്പിനും പള്ളി പെരുനാളിനുമായി ഇഞ്ചപ്പാറ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കൂടൽ സെന്റ് പോൾസ് യാക്കോബായ പള്ളിയിലേക്ക് കടന്നുവന്ന ഇടവക മെത്രാപ്പൊലീത്ത മിഖായേൽ മാർ ദിവന്നാസിയോസ് പിതാവിനോട് ഇടവകക്കായി പട്ടം നൽകുന്നതിനായി ഗീവർഗീസിന്റെ പേര് ഇടവക പട്ടക്കാർ നിർദ്ദേശിച്ചു. ഇടവക പൊതുയോഗത്തിന്റെ സമ്മതത്തോടെ ആദ്യ പട്ടവും വൈദിക വസ്ത്രവും ഫെബ്രുവരി 10ന് നൽകി. തുടർന്ന് കോട്ടയം പുതുപ്പള്ളിയിലുള്ള മാർ ശർബീൽ ദയറായിൽ സുറിയാനി പഠനമാരംഭിച്ചു. ഇക്കാലയളവിൽ മലങ്കരയിലെ സഭാ സമാധാനത്തിനായി അന്ത്യോക്യയിൽ നിന്നും കടന്നു വന്ന ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ ബാവയിൽ (മഞ്ഞിനിക്കരയിൽ കബറടങ്ങിയ ബാവ) നിന്നും കോറൂയോ പട്ടം സ്വീകരിച്ചു. 1931 ഫെബ്രുവരി 10ന് ശെമ്മാശപട്ടം സ്വീകരിച്ചു, 1933 ഡിസംബർ 9ന് മാവേലിക്കര കൊല്ലകടവിൽ ഇടയിലേവീട്ടിൽ ശോശാമ്മയെ വിവാഹം ചെയ്തു. 1935 മാർച്ച് 24 ഞായറാഴ്ച്ച കായംകുളം കാദീശാ പള്ളിയിൽ വെച്ച് മിഖായേൽ മാർ ദിവന്നാസിയോസ് പിതാവിൽ നിന്ന് തിരുപട്ടം സ്വീകരിച്ച് വൈദികനായി. ചുട്ടിവട്ടത്തു വീട്ടിൽ താമസം തുടങ്ങി, ചുട്ടിവട്ടത്തു പള്ളിയിൽ വികാരിയുമായി.
കിഴവള്ളൂർ, ആമക്കുന്ന്, ഏഴംകുളം, പന്നിവിഴ, അടൂർ പള്ളികളിൽ ശുശ്രൂഷ ചെയ്തു. വകയാർ സെന്റ് ജോർജ് യാക്കോബായ പളളിയുടെ (സ്വർഗ്ഗത്തിൽ പള്ളി) സ്ഥാപകൻ അച്ചനാണ്. തുടക്കം മുതൽ
14 വർഷം അവിടെ വികാരിയായിരുന്നു. അച്ചന്റെ പേരിലായിരുന്ന പള്ളിയുടെ സ്ഥലം പ്രതിഫലേച്ഛയില്ലാതെ യാക്കോബായ മെത്രാപ്പൊലീത്തക്കായി പിന്നീട് എഴുതി നൽകുകയുണ്ടായി. കത്തോലിക്കാ സഭയിലേക്കുള്ള പുനരൈക്യത്തിന് ശേഷവും ഈ പള്ളിയുടെ വിശേഷാവസരങ്ങളിലൊക്കെയും അച്ചന്റെ സാന്നിദ്ധ്യം ഉറപ്പാക്കാൻ ആ ഇടവക സമൂഹവും ശ്രദ്ധിച്ചിരുന്നു.
അച്ചന്റെ അമ്മയുടെ പിതാവ് ചുട്ടിവട്ടത്തു പുത്തൻവീട്ടിൽ മാത്തൻ ഗീവറുഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ കൊച്ചുമകനായ ഗീവർഗീസിനു നൽകാം എന്ന വാഗ്ദാനത്തിൽ വൈദികനാക്കാനായി പഠിപ്പിച്ചു. വൈദികനാകുന്നത് കാണാൻ ഭാഗ്യമുണ്ടാകും മുമ്പേ വല്യപ്പച്ചനായ മാത്തൻ ഗീവർഗീസ് മരിച്ചതിനാൽ വല്യമ്മച്ചിയും അമ്മയും അമ്മയുടെ രണ്ടു സഹോദരിമാരും ചേർന്ന് ഒരു ഏക്കർ അഞ്ച് സെന്റ് സ്ഥലം ശെമ്മാശനായ ഗീവർഗീസിന്റെ പേരിൽ എഴുതി നൽകി. ഈ സ്ഥലത്താണ് ഇന്നത്തെ കൂടൽ സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സ്ഥിതി ചെയ്യുന്നത്. ക്രിസ്തീയ കുടുംബ ഡയറി എന്ന തന്റെ പുസ്തകത്തിന് ആമുഖമായി അച്ചൻ എഴുതിയിരിക്കുന്നു, “ചുട്ടിവട്ടത്ത് അച്ചൻ; ശരിക്കും പറഞ്ഞാൽ ഞാൻ ചുട്ടിവട്ടത്ത് അച്ചനല്ല. ചുട്ടിവട്ടത്ത് താമസമാക്കിയതിനാൽ ബന്ധുക്കൾക്കും ദേശവാസികൾക്കും ചുട്ടിവട്ടത്ത് അച്ചനായി, യഥാർത്ഥത്തിൽ കമുകുംപള്ളി അച്ചനാണ്.” വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്കായി സ്ഥലം ദാനമായി നൽകിയത് കമുകുംപള്ളിൽ കുഞ്ഞുമ്മനാണ്, പള്ളിയുടെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ശിലാഫലകത്തിൽ ഇത് എഴുതിയിട്ടുണ്ട്. കൂടൽ പള്ളി പുതുക്കിപണിയുന്നതും റോഡിനരുകിലുള്ള കുരിശടി നവീകരിക്കുന്നതും അച്ചന്റെ കാലത്താണ്. ദേവാലയ നിർമ്മാണത്തിൽ ഇടവക ജനങ്ങളോടൊപ്പം അച്ചനും ശാരീരികമായി വളരെയധികം അദ്ധ്വാനിച്ചു. കൂടൽ പള്ളി പണിയുന്നതിന് പണം തികയാതെ വന്നപ്പോൾ അതിനായി അച്ചന്റെ നിലവും അര ഏക്കർ സ്ഥലവും വിൽക്കുകയുമുണ്ടായി.
1960 മാർച്ച് 20ന് പൗരോഹിത്യം സ്വീകരിച്ചതിന്റെ രജത ജൂബിലി കൂടൽ പള്ളിയിൽ പൗലോസ് മാർ പീലക്സിനോസ് തിരുമേനിയുടെ (ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ) സാന്നിദ്ധ്യത്തിൽ ആഘോഷിച്ചു.
ചുട്ടിവട്ടത്തച്ചൻ തന്റെ ആത്മകഥയായ ‘ദിവ്യശ്യ ശ്രീ ഗീവർഗീസ് കശ്ശീശ’ , യിൽ സാക്ഷിക്കുന്നു, “1958 ഡിസംബർ 16-ാം തീയതി രാത്രി കോട്ടയം പഴയ സെമിനാരിയിൽ വെച്ച് സഭാ പിതാക്കൻമാർ കൂടി സഭയിൽ സമാധാനം ഉണ്ടാക്കുകയും അത് എന്നെ പഠിപ്പിച്ചതിനും പഠിച്ചതിനും എതിരാണെന്ന് എനിക്കും ഇടവകക്കാർക്കും നല്ല ബോദ്ധ്യമായിരുന്നു, … രാത്രിയിലെ സമാധാനം, യൂദാ യേശു തമ്പുരാനെ ഒറ്റിക്കൊടുത്തതിന്റെ മാതൃക ആണെന്ന് എനിക്കു തോന്നുന്നു. ഈ കാലയളവിൽ യോജിച്ചവർ വീണ്ടും ഭിന്നിക്കുകയും 62ൽ വീണ്ടും രമ്യതയിലുമായപ്പോൾ അഭിവന്ദ്യ പൗലോസ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്വന്തം കൈപ്പടയിൽ ഒരെഴുത്തു കിട്ടി. ഇടവകാംഗങ്ങളെ വിളിച്ചു കൂട്ടി പിതാവിന്റെ എഴുത്തു വായിച്ചു കേൾപ്പിച്ചു, അവർ അതേ പറ്റി ചിന്തിച്ചിരുന്നപ്പോൾ ഞാൻ കത്തോലിക്കാ സഭയിലേക്ക് പോകാൻ തീർച്ചപ്പെടുത്തിയെന്നും അവരെ അറിയിച്ചു. ഇടവക രജിസ്റ്ററിൽ 119 വീട്ടുകാരുളളതിൽ 102 വീട്ടുകാർ എന്റെ ഭവനത്തിൽ ഒരുമിച്ചു കൂടി. അവരിൽ 93 വീട്ടുകാർ ഒപ്പം ചേരാനായി തീർച്ചപ്പെടുത്തി”. അന്നത്തെ യോജിപ്പിലും തുടർന്നുണ്ടായ ഭിന്നതകളിലും പള്ളിയും ആളും അർത്ഥവും ക്ഷയിച്ച് നഷ്ടം സംഭവിച്ചത് യാക്കോബായ സഭക്ക് മാത്രമാണെന്ന് പിന്നീടുള്ള ചരിത്രഗതികളിലൂടെ നമുക്ക് വ്യക്തമാകുന്നു.
തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പൊലീത്ത ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിനെ 1962 ഒക്ടോബർ 3ന് തിരുവനന്തപുരത്ത് പോയി കാണുകയും കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുന്നതിനുളള സന്നദ്ധത അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഒക്ടോബർ 4ന് അച്ചന്റെ ഭവനത്തിലേക്ക് കടന്നുവന്ന പിതാവിന്റെ മുമ്പാകെ 93 കുടുംബങ്ങളിൽ നിന്ന് 453 പേർ പുനരൈക്യപ്പെട്ടു. പുനരൈക്യ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ ഒരുമിച്ചു ചേർന്ന ചരിത്ര സംഭവം എന്നാണ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവതിനെ വിശേഷിപ്പിച്ചത്.
1963 സെപ്റ്റംബർ 19ന് പൗരോഹിത്യ ജീവിത യാത്രയിൽ താങ്ങും തണലുമായി കൂടെയായിരുന്ന സഹധർമ്മിണി ശോശാമ്മയുടെ മരണം അച്ചന് നികത്താനാവാത്ത വേദനയായിരുന്നു. റോസമ്മ ജോർജ്ജ്, ഗീവറുഗീസ് ഗീവറുഗീസ്(തങ്കച്ചൻ), ഗ്രേസിയമ്മ തോമസ്, ജോഷ്വാ ഗീവറുഗീസ്, അന്നമ്മ മാത്യൂസ്, മണി ജോസ് എന്നിങ്ങനെ ആറു മക്കളാണ് ഈ ദമ്പതികൾക്ക് ദൈവം നൽകിയത്. കോടതിയിൽ നിന്ന് അനുവാദംവാങ്ങി 20ന് കൂടൽ സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ സംസ്കരിച്ചു. ജീവിതപങ്കാളി നഷ്ടപ്പെട്ട തീരാദുഖത്തിലായിരുന്ന അച്ചനെതിരെ ദൈവകോപമാണെന്ന് പറഞ്ഞ് പരത്തിയവരോട് ക്ഷമിച്ചുകൊണ്ട് മലങ്കര കത്തോലിക്കാ സഭയിലെ വൈദികർ അവിവാഹിതരാണ് അവരുടെ ഗണത്തിൽ തന്നെയും ചേർക്കാനാണ് ദൈവഹിതം എന്നുള്ള ആത്മധൈര്യത്തിൽ ഉറച്ചു നിന്ന് സന്തോഷത്തോടെ അച്ചൻ മുന്നോട്ടു നീങ്ങി.
പുനരൈക്യത്തിന് ശേഷം അച്ചന്റെ വസ്തുവിൽ തന്നെ ചാപ്പൽ സ്ഥാപിച്ച് ശുശ്രൂഷകൾ നടത്തി വന്നു. ചാപ്പലിന് ആരോ തീ വെച്ചതിനാൽ അവിടെ തന്നെ പുതിയ കെട്ടിടം പണിത് 1975 വരെ ആരാധന നടത്തി.
1969ൽ ഇടത്തറ പള്ളി വികാരിയായിരുന്ന അയിരുക്കുഴി തോമസച്ചൻ മരണമടഞ്ഞതിനാൽ ഇടത്തറ പള്ളി ചുമതലയും ചുട്ടിവട്ടത്ത് അച്ചനെ ഏല്പിച്ചു.
അച്ചന്റെ ഇടവകാംഗങ്ങളെ പിന്നീട് അവരുടെ സൗകര്യാർത്‌ഥം 25 വീട്ടുകാരെ മുറിഞ്ഞകൽ പള്ളിയിലേക്കും 25 കുടുംബത്തെ നെടുമൺകാവു പള്ളിയിലേക്കും 40 പേരെ കൂടൽ കത്തോലിക്കാ പള്ളിയിലേക്കും കൽപന പ്രകാരം മാറ്റി. ചാപ്പൽ കെട്ടിടം പൊളിച്ച് കോശി ചക്കാലമണ്ണിൽ അച്ചൻ വകയാർ വികാരിയായിരിക്കുമ്പോൾ ആരംഭിച്ച മുതുപേഴുങ്കൽ മിഷനിലേക്ക് കൊണ്ടുപോയി അവിടെ പള്ളി വെച്ചു.
അച്ചനോടൊപ്പം പുനരൈക്യപ്പെട്ടവരിൽ ഏതാനം പേർ തിരികെ യാക്കോബായ സഭയിലേക്ക് തിരികെപ്പോയി, അവർക്ക് ആരാധന നടത്താനായി സ്ഥലമില്ലെന്നറിഞ്ഞപ്പോൾ കോടതി വിധിയിലൂടെ കിട്ടിയ 11 സെന്റിൽ 7.5 സെന്റ് സ്ഥലം നാമമാത്ര വിലക്ക് അന്നത്തെ യാക്കോബായ മെത്രാപ്പൊലീത്ത കുറിയാക്കോസ് മാർ കൂറിലോസ് പിതാവിന്റെ പേരിലായി എഴുതി നൽകി. ആ സ്ഥലത്താണ് ഇന്നത്തെ സെന്റ് പോൾസ് യാക്കോബായ പള്ളി സ്ഥിതി ചെയ്യുന്നത്.
1980 ജനുവരി ഒന്നു മുതൽ ശാരീരികമായ രോഗത്താൽ ഇടവക വികാരി ശുശ്രൂഷകളിൽ നിന്നും അച്ചൻ വിരമിച്ചു, പിന്നീട് കൂടൽ, മുറിഞ്ഞകൽ, നെടുമൺകാവ്, അതിരുങ്കൽ പള്ളിയിലെ വികാരി അച്ചൻമാരെ ശുശ്രൂഷകളിൽ സഹായിച്ചു. 1988 ഡിസംബർ 18ന് പൂർണ്ണമായും ശുശ്രൂഷകളിൽ നിന്നു മാറി ഭവനത്തിൽ വിശ്രമിച്ചു.
പൗരോഹിത്യ കനക ജൂബിലി 1985 ഫെബ്രുവരി 10ന് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ സാന്നിദ്ധ്യത്തിൽ കൂടൽ പത്താം പീയൂസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ആഘോഷിച്ചു. 1991 മെയ് 31ന് രോഗം മൂർച്ഛിച്ചതിനാൽ മാത്യു വാഴപ്പിള്ളേത്ത് അച്ചനിൽ നിന്ന് തൈലാഭിഷേകം സ്വീകരിച്ചു. അങ്ങനെ കത്തോലിക്കാ സഭയിൽ എഴ് കൂദാശകളും സ്വീകരിക്കുക എന്ന അപൂർവ്വ ഭാഗ്യവും അച്ചനുണ്ടായി. ദൈവാനുഗ്രഹത്താൽ രോഗത്തിന് ശമനമുണ്ടായി. 2003 ജനുവരി 21ന് അച്ചന്റെ തൊണ്ണൂറ്റി അഞ്ചാം പിറന്നാൾ ദിനത്തിൽ പിതൃതുല്യമായി അച്ചനെ സ്നേഹിക്കുകയും കരുതുകയും ചെയ്തിരുന്ന അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തയിൽ നിന്ന് കന്തീല (ആഘോഷമായ തൈലാഭിഷേക ശുശ്രൂഷ) സ്വീകരിച്ചു, യാക്കോബായ സഭയിലെ ഭാഗ്യസ്മരണാർഹനായ മർക്കോസ് മാർ കൂറിലോസ് തിരുമേനിയും സാന്നിദ്ധ്യത്താൽ ശുശ്രൂഷയെ അനുഗ്രഹിച്ചു.
ദിവ്യ ശ്രീ ഗീവർഗ്ഗീസ് കശ്ശീശ്ശാ എന്ന പേരിൽ തന്റെ ആത്മകഥയും ജീവിതാനുഭവങ്ങളും 1997ൽ അച്ചൻ പ്രസിദ്ധീകരിച്ചു. ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളുൾപ്പെടുത്തിയ ക്രിസ്തീയ കുടുംബഡയറി എന്ന പേരിൽ ഒരു പുസ്തകവും 2000ൽ അച്ചൻ എഴുതി. ദൈവമാതാവിന്റെ വലിയ ഭക്തനായിരുന്ന അച്ചൻ പരിശുദ്ധ കന്യകാമാതാവിന്റെ ജീവിതവും വിശുദ്ധിയും മാദ്ധ്യസ്ഥശക്തിയുമെല്ലാം വിശ്വാസികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ തന്റെ പ്രസംഗത്തിൽ വിശദീകരിച്ചിരുന്നു.
ആരാധനക്രമത്തിൽ അച്ചന്റെ അനുഭവത്തിലൂടെയാർജ്ജിച്ച പ്രാഗത്ഭ്യത്തെക്കുറിച്ച് ധാരണയുള്ളതിനാൽ മലങ്കര കത്തോലിക്കാ സഭയുടെ തൂക്കാസാ ക്രമീകരിക്കുന്നതിനുള്ള ചുമതലയും ഏൽപിച്ചിരുന്നു.
അനിതരസാധാരണമായ എളിമയുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അച്ചൻ തന്റെ ജീവിതയാത്രയിൽ സഹകരിച്ചവർക്കെല്ലാം നന്ദി അർപ്പിക്കുവാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ആഗോള കത്തോലിക്കാ സഭ വൈദിക വർഷമായി പ്രഖ്യാപിച്ച 2009ൽ കോന്നി വൈദികജില്ലാ കേന്ദ്രമായ വകയാർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വെച്ച് 2009 സെപ്റ്റംബർ 29ന് തിരുവനന്തപുരം മേജർ അതിരൂപതയിലെ മുഴുവൻ വൈദികരും ഒത്തുകൂടിയ സമ്മേളനത്തിൽ രൂപതയിലെ ഏറ്റവും സീനിയർ വൈദികനായ ചുട്ടിവട്ടത്ത് അച്ചനെ, സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്ളീമീസ് ബാവ തിരുമേനി ആദരിക്കുകയുണ്ടായി.
2010 ഫെബ്രുവരി 19ന് അച്ചൻ സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി. കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിലും സഭയിലെ മെത്രാപ്പൊലീത്തമാരുടെ സഹകാർമ്മികത്വത്തിലും അനേകം വൈദികരുടെയും സന്യസ്തരുടെയും പ്രാർത്ഥനയിൽ അച്ചൻ വികാരിയായി സേവനം ചെയ്ത പള്ളികളിൽ നിന്നും അച്ചന്റെ ശുശ്രൂഷകളിലൂടെ അനുഗ്രഹം പ്രാപിച്ചവരായും കടന്നുവന്ന നൂറുകണക്കിന് വിശ്വാസ സമൂഹത്തിന്റെ സാന്നിദ്ധ്യത്തിൽ അച്ചന്റെ ഭൗതീകശരീരം കൂടൽ മലങ്കര കത്തോലിക്കാ പള്ളിയിൽ സംസ്കരിച്ചു.
ചുട്ടിവട്ടത്തച്ചന്റെ ഇളയ സഹോദരൻ ജോണിന്റെ മകൾ സിസ്റ്റർ ലിറ്റി എസ്.ഐ.സി ബഥനി സന്യാസിനി സമൂഹത്തിലെ ബത്തേരി പ്രൊവിൻസിലെ അംഗമാണ്. അച്ചനോടൊപ്പം പുനരൈക്യപ്പെട്ട കുടുംബങ്ങളിലെ പിൻതലമുറകളിൽ നിന്നായി നിരവധി വൈദികരും സന്യസ്തരും ഇന്ന് സഭയുടെ വ്യത്യസ്ത കർമ്മമേഖലകളിൽ തീക്ഷ്ണതയോടെ ശുശ്രൂഷകളിലായിരിക്കുന്നു.
ഒരു നൂറ്റാണ്ടിലധികം, കൃത്യമായി പറഞ്ഞാൽ 101 വർഷം ജീവിച്ച് 27 വർഷക്കാലം യാക്കോബായ സഭയിലും 48 വർഷം മലങ്കര കത്തോലിക്കാ സഭയിലുമായി സുദീർഘമായ 75 വർഷം ക്രിസ്തുവിന്റെ പുരോഹിതനായി ശുശ്രൂഷ ചെയ്ത കർമ്മനിരതമായ ഒരു ജീവിതം, സഭയിലേക്ക് ഏറ്റവുമധികം വ്യക്തികളെ പുനരൈക്യപ്പെടുത്തിയ വൈദികൻ, ജീവിതാന്ത്യം വരെയും വിവിധ ശുശ്രൂഷകളിലൂടെ നിഷ്കളങ്കമായ ചിരിയാലും പുഞ്ചിരിക്കുന്ന മുഖഭാവത്താലും ഏവരെയും സ്നേഹിച്ച ഗീവർഗീസ് ചുട്ടിവട്ടത്ത് അച്ചൻ ഇന്നും അനേകരിൽ മായാത്ത ഓർമ്മയായി ജീവിക്കുന്നു.
കടപ്പാട് : ജോഷ്വ ഗീവറുഗീസ് (ചുട്ടിവട്ടത്ത് അച്ചന്റെ മകൻ)
✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Fr Sebastian John Kizhakkethil – Email: fr.sebastiankizhakkethil@gmail.com