🌹 🔥 🌹 🔥 🌹 🔥 🌹
19 Jan 2023
Thursday of week 2 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ.
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍
ദയാപൂര്‍വം ശ്രവിക്കുകയും
ഞങ്ങളുടെ കാലയളവില്‍
അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഹെബ്രാ 7:25-8:6
അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു.
സഹോദരരേ, തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. പരിശുദ്ധനും ദോഷരഹിതനും നിഷ്‌കളങ്കനും പാപികളില്‍ നിന്നു വേര്‍തിരിക്കപ്പെട്ടവനും സ്വര്‍ഗത്തിനുമേല്‍ ഉയര്‍ത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു. അന്നത്തെ പ്രധാനപുരോഹിതന്മാരെപ്പോലെ, ആദ്യമേ സ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കു വേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍, നിയമം ബലഹീനരായ മനുഷ്യരെയാണ് പ്രധാന പുരോഹിതന്മാരായി നിയോഗിക്കുന്നത്. എന്നാല്‍, നിയമത്തിനു ശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ എന്നേക്കും പരിപൂര്‍ണനാക്കപ്പെട്ട പുത്രനെ നിയോഗിക്കുന്നു.
ഇതുവരെ പ്രതിപാദിച്ചതിന്റെ ചുരുക്കം ഇതാണ്: സ്വര്‍ഗത്തില്‍ മഹിമയുടെ സിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്. അവന്‍ വിശുദ്ധവസ്തുക്കളുടെയും മനുഷ്യനിര്‍മിതമല്ലാത്തതും കര്‍ത്താവിനാല്‍ സ്ഥാപിതവുമായ സത്യകൂടാരത്തിന്റെയും ശുശ്രൂഷകനാണ്. പ്രധാനപുരോഹിതന്മാര്‍ കാഴ്ചകളും ബലികളും സമര്‍പ്പിക്കുവാനാണ് നിയോഗിക്കപ്പെടുന്നത്. അതിനാല്‍, സമര്‍പ്പിക്കാനായി എന്തെങ്കിലും ഉണ്ടായിരിക്കുക അവനും ആവശ്യമായിരുന്നു. അവന്‍ ഭൂമിയില്‍ ആയിരുന്നെങ്കില്‍, നിയമപ്രകാരം കാഴ്ചകളര്‍പ്പിക്കുന്ന പുരോഹിതന്മാര്‍ അവിടെ ഉള്ളതുകൊണ്ടു പുരോഹിതനേ ആകുമായിരുന്നില്ല. സ്വര്‍ഗീയ വസ്തുക്കളുടെ സാദൃശ്യത്തെയും നിഴലിനെയുമാണ് അവര്‍ ശുശ്രൂഷിക്കുന്നത്. മോശ കൂടാരം തീര്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ ദൈവം ഇപ്രകാരം അവനെ ഉപദേശിച്ചു: പര്‍വതത്തില്‍ വച്ചു നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച് എല്ലാം ചെയ്യാന്‍ ശ്രദ്ധിച്ചുകൊള്ളുക. ഇപ്പോഴാകട്ടെ, ക്രിസ്തു കൂടുതല്‍ ശ്രേഷ്ഠമായ വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായ ഒരു ഉടമ്പടിയുടെ മധ്യസ്ഥനായിരിക്കുന്നതുപോലെ പഴയതിനെക്കാള്‍ കൂടുതല്‍ ശ്രേഷ്ഠമായ ഒരു ശുശ്രൂഷകസ്ഥാനവും അവനു ലഭിച്ചിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 40:6-8,16
കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.
ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല;
എന്നാല്‍, അവിടുന്ന് എന്റെ കാതുകള്‍ തുറന്നുതന്നു.
ദഹനബലിയും പാപപരിഹാരബലിയും
അവിടുന്ന് ആവശ്യപ്പെട്ടില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു.
കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.
പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്.
എന്റെ ദൈവമേ, അങ്ങേ ഹിതം
നിറവേറ്റുകയാണ് എന്റെ സന്തോഷം,
അങ്ങേ നിയമം എന്റെ ഹൃദയത്തിലുണ്ട്.
കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.
അങ്ങയെ അന്വേഷിക്കുന്നവര്‍
അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ!
അങ്ങേ രക്ഷയെ സ്‌നേഹിക്കുന്നവര്‍
കര്‍ത്താവു വലിയവനാണെന്നു
നിരന്തരം ഉദ്‌ഘോഷിക്കട്ടെ!
കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവേ, അങ്ങേ വാക്കുകൾ ആത്മാവും ജീവനുമാണ്. നിത്യജീവന്റെ വചനങ്ങൾ അങ്ങേ പക്കലുണ്ട്.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 3:7-12
അശുദ്ധാത്മാക്കള്‍ ‘അങ്ങു ദൈവപുത്രനാണ്’ എന്നു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ആരെന്ന് വെളിപ്പെടുത്തരുതെന്ന് അവിടുന്ന് അവര്‍ക്കു കര്‍ശനമായ താക്കീത് നല്കി.
അക്കാലത്ത് യേശു ശിഷ്യന്മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍ നിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍ നിന്നും ജോര്‍ദാന്റെ മറുകരെനിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍ നിന്നും ധാരാളം ആളുകള്‍, അവന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ട്, അവന്റെ അടുത്തെത്തി. ആള്‍ത്തിരക്കില്‍പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്, അവന്‍ ശിഷ്യന്മാരോട് ഒരു വള്ളം ഒരുക്കി നിറുത്താന്‍ ആവശ്യപ്പെട്ടു. എന്തെന്നാല്‍, അവന്‍ പലര്‍ക്കും രോഗശാന്തി നല്‍കിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പര്‍ശിക്കാന്‍ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. അശുദ്ധാത്മാക്കള്‍ അവനെ കണ്ടപ്പോള്‍ അവന്റെ മുമ്പില്‍ വീണ്, നീ ദൈവപുത്രനാണ് എന്നു വിളിച്ചുപറഞ്ഞു. തന്നെ വെളിപ്പെടുത്തരുതെന്ന് അവന്‍ അവയ്ക്കു കര്‍ശനമായ താക്കീതു നല്‍കി.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ബലിയുടെ ഓര്‍മ ആഘോഷിക്കുമ്പോഴെല്ലാം
ഞങ്ങളുടെ പരിത്രാണ കര്‍മമാണല്ലോ നിവര്‍ത്തിക്കപ്പെടുന്നത്.
അതിനാല്‍ ഈ ദിവ്യരഹസ്യങ്ങളില്‍
യഥായോഗ്യം പങ്കെടുക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 23:5
എന്റെ മുമ്പില്‍ അങ്ങ് വിരുന്നൊരുക്കി;
എന്റെ അമൂല്യമായ പാനപാത്രം കവിഞ്ഞൊഴുകുന്നു.
Or:
1 യോഹ 4:16
ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും
അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ ചൈതന്യം
ഞങ്ങളില്‍ നിറയ്ക്കണമേ.
ഒരേ സ്വര്‍ഗീയ അപ്പത്താല്‍ അങ്ങ് പരിപോഷിതരാക്കിയ ഇവരെ
ഒരേ ഭക്താനുഷ്ഠാനത്താല്‍ ഒരുമയുള്ളവരാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹