🌹 🔥 🌹 🔥 🌹 🔥 🌹
09 Aug 2022
Tuesday of week 19 in Ordinary Time
or Saint Teresa Benedicta of the Cross (Edith Stein), Virgin, Martyr
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായി
അങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.
ദത്തുപുത്രരുടെ ചൈതന്യം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എസെ 2:8-3:4
ഞാന്‍ അതു ഭക്ഷിച്ചു; എന്റെ നാവിന് അതു തേന്‍ പോലെ മാധുര്യമുള്ളതായിരുന്നു.
കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്നതു കേള്‍ക്കുക. ആ ധിക്കാരികളുടെ ഭവനത്തെപ്പോലെ നീയും ധിക്കാരിയാകരുത്. ഞാന്‍ നിനക്കു തരുന്നത് വായ്തുറന്ന് ഭക്ഷിക്കുക. ഞാന്‍ നോക്കി. അതാ, നീട്ടിയ ഒരു കരവും അതില്‍ ഒരു ലേഖനച്ചുരുളും. അവന്‍ അത് എന്റെ മുമ്പില്‍ വിടര്‍ത്തി. അതിന്റെ അകത്തും പുറത്തും എഴുതിയിരുന്നു. അതില്‍ വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തിയിരുന്നു.
അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ കാണുന്ന ഈ ചുരുള്‍ ഭക്ഷിക്കുക. എന്നിട്ടുപോയി ഇസ്രായേല്‍ ഭവനത്തോടു സംസാരിക്കുക. ഞാന്‍ വായ് തുറന്നു. അവന്‍ ആ ചുരുള്‍ എനിക്കു ഭക്ഷിക്കാന്‍ തന്നു. അവന്‍ പറഞ്ഞു: മനുഷ്യപുത്രാ, ഞാന്‍ തരുന്ന ഈ ചുരുള്‍ ഭക്ഷിച്ചു വയറുനിറയ്ക്കുക; ഞാന്‍ അതു ഭക്ഷിച്ചു. എന്റെ വായില്‍ അതു തേന്‍ പോലെ മധുരിച്ചു. അവന്‍ വീണ്ടും പറഞ്ഞു: മനുഷ്യപുത്രാ, നീ ഇസ്രായേല്‍ ഭവനത്തില്‍ച്ചെന്ന് എന്റെ വാക്കുകള്‍ അവരെ അറിയിക്കുക.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 119:14,24,72,103,111,131
കര്‍ത്താവേ, അങ്ങേ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്..
സമ്പത്സമൃദ്ധിയിലെന്നപോലെ അങ്ങേ കല്‍പനകള്‍
പിന്തുടരുന്നതില്‍ ഞാന്‍ ആനന്ദിക്കും.
അവിടുത്തെ കല്‍പനകളാണ് എന്റെ ആനന്ദം;
അവയാണ് എനിക്ക് ഉപദേശം നല്‍കുന്നത്.
കര്‍ത്താവേ, അങ്ങേ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്..
ആയിരക്കണക്കിനു പൊന്‍വെള്ളി നാണയങ്ങളെക്കാള്‍
അങ്ങേ വദനത്തില്‍ നിന്നു പുറപ്പെടുന്ന നിയമമാണ്
എനിക്ക് അഭികാമ്യം.
അങ്ങേ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്!
അവ എന്റെ നാവിനു തേനിനെക്കാള്‍ മധുരമാണ്.
കര്‍ത്താവേ, അങ്ങേ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്..
അങ്ങേ കല്‍പനകളാണ്എന്നേക്കും എന്റെ ഓഹരി;
അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാണ്.
അങ്ങേ പ്രമാണങ്ങളോടുള്ള അഭിവാഞ്ഛ നിമിത്തം
ഞാന്‍ വായ് തുറന്നു കിതയ്ക്കുന്നു.
കര്‍ത്താവേ, അങ്ങേ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്..
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
യേശു ഉദ്‌ഘോഷിച്ചു: സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടേയും നാഥനായ പിതാവേ, നീ ഈ കാര്യങ്ങൾ ബുദ്ധിമാൻമാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
മത്താ 18:1-5,10,12-14
ഈ കുട്ടികളിലാരെയും നിന്ദിക്കാതിരിക്കുവാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍.
അക്കാലത്ത്, ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്? യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിര്‍ത്തിക്കൊണ്ട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന് വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ? കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച് എന്നതിനെക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേക്കു സമര്‍പ്പിക്കാനായി
അങ്ങ് കാരുണ്യപൂര്‍വം നല്കുകയും
അങ്ങേ ശക്തിയാല്‍
ഞങ്ങളുടെ രക്ഷയുടെ രഹസ്യമായി
അങ്ങു മാറ്റുകയും ചെയ്യുന്ന
അങ്ങേ സഭയുടെ ഈ കാഴ്ചദ്രവ്യങ്ങള്‍
സംപ്രീതിയോടെ സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 147:12,14
ജറുസലേമേ, കര്‍ത്താവിനെ സ്തുതിക്കുക,
അവിടന്ന് വിശിഷ്ടമായ ഗോതമ്പു കൊണ്ട് നിന്നെ തൃപ്തമാക്കുന്നു.
Or:
cf. യോഹ 6:51
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ ഉള്‍ക്കൊണ്ട
അങ്ങേ കൂദാശയുടെ സ്വീകരണം
ഞങ്ങളെ രക്ഷിക്കുകയും
അങ്ങേ സത്യത്തിന്റെ പ്രകാശത്തില്‍
സ്ഥിരീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹



Leave a comment