Saint Bernard | Saturday of week 20 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

20 Aug 2022

Saint Bernard, Abbot, Doctor 
on Saturday of week 20 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ ഭവനത്തോടുള്ള തീക്ഷ്ണതയാല്‍
കത്തിയെരിയുന്ന ആശ്രമശ്രേഷ്ഠനായ വിശുദ്ധ ബെര്‍ണാര്‍ഡിനെ,
അങ്ങേ സഭയില്‍ ഒരേസമയം പ്രകാശിക്കുന്നവനും
ജ്വലിക്കുന്നവനുമായി അങ്ങ് രൂപപ്പെടുത്തിയല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
അതേ ചൈതന്യത്താല്‍ തീക്ഷ്ണതയുള്ളവരായി,
പ്രകാശത്തിന്റെ മക്കളായി എന്നും ചരിക്കാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എസെ 43:1-7
ദിവ്യചൈതന്യം എന്നെ ദേവാലയത്തിലേക്കു കൊണ്ടുപോയി.

അക്കാലത്ത്, മാലാഖ എന്നെ കിഴക്കേ പടിപ്പുരയിലേക്കു കൊണ്ടുവന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അതാ, കിഴക്കുനിന്നു വരുന്നു. അവിടുത്തെ ആഗമനത്തിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരമ്പല്‍ പോലെയായിരുന്നു. ഭൂമി അവിടുത്തെ തേജസ്സുകൊണ്ടു പ്രകാശിച്ചു. നഗരം നശിപ്പിക്കാന്‍ അവിടുന്നു വന്നപ്പോള്‍ എനിക്കുണ്ടായ ദര്‍ശനവും കേബാര്‍ നദീതീരത്തുവച്ച് എനിക്കുണ്ടായ ദര്‍ശനവും പോലെ തന്നെയായിരുന്നു ഇപ്പോഴത്തേതും. ഞാന്‍ കമിഴ്ന്നുവീണു. കര്‍ത്താവിന്റെ മഹത്വം കിഴക്കേ പടിപ്പുരയിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു. അപ്പോള്‍ ആത്മാവ് എന്നെ ഉയര്‍ത്തി ഉള്ളിലെ അങ്കണത്തിലേക്കു കൊണ്ടുവന്നു; അതാ, ദൈവമഹത്വം ആലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ആ മനുഷ്യന്‍ അപ്പോഴും എന്റെ അടുത്തുണ്ടായിരുന്നു. അപ്പോള്‍ ദേവാലയത്തിനകത്തു നിന്ന് ആരോ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു. അത് ഇപ്രകാരമായിരുന്നു: മനുഷ്യപുത്രാ, എന്റെ സിംഹാസനവും പാദപീഠവും, ഇസ്രായേല്‍ മക്കളുടെ ഇടയില്‍ ഞാന്‍ നിത്യമായി വസിക്കുന്ന ഇടവും ഇതാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 85:8ab,9,10-11,12-13

കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും;
അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും;
ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കുതന്നെ.

കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും;
നീതിയും സമാധാനവും പരസ്പരം ചുംബിക്കും.
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും;
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.

കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

കര്‍ത്താവു നന്മ പ്രദാനം ചെയ്യും;
നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും.
നീതി അവിടുത്തെ മുന്‍പില്‍ നടന്ന്
അവിടുത്തേക്കു വഴിയൊരുക്കും.

കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ദൈവമേ, അങ്ങേകൽപനകളിലേയ്ക്ക് എൻ്റെ ഹൃദയത്തെ തിരിക്കേണമേ;കാരുണ്യ പൂർവ്വം അങ്ങേ നിയമം എന്നെ പഠിപ്പിക്കേണമേ.

അല്ലേലൂയ!

സുവിശേഷം

മത്താ 23:1-12
അവര്‍ പറയുന്നതല്ലാതെ പ്രവര്‍ത്തിക്കുന്നില്ല.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും അരുളിച്ചെയ്തു: നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു, പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല. മറ്റുള്ളവര്‍ കാണുന്നതിനു വേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു; വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ – സ്വര്‍ഗസ്ഥനായ പിതാവ്. നിങ്ങള്‍ നേതാക്കന്മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വാക്കിലും പ്രവൃത്തിയിലും നിസ്തുലനായി,
അങ്ങേ സഭയില്‍ ഏകീഭാവം നിലനില്ക്കാനായി
തീക്ഷ്ണതയോടെ പ്രയത്‌നിച്ച
ആശ്രമശ്രേഷ്ഠനായ വിശുദ്ധ ബെര്‍ണാര്‍ഡിന്റെ
സ്മരണ ആഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി
ഐക്യത്തിന്റെയും സമാധാനത്തിന്റെയും
ഈ കൂദാശ ഞങ്ങളര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 15:9

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പിതാവ് എന്നെ സ്‌നേഹിച്ചപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു.
നിങ്ങളെന്റെ സ്‌നേഹത്തില്‍ നിലനില്ക്കുവിന്‍.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ബെര്‍ണാര്‍ഡിന്റെ ആഘോഷത്തില്‍
ഞങ്ങള്‍ സ്വീകരിച്ച ഭോജനം ഞങ്ങളില്‍ അതിന്റെ ഫലമുളവാക്കണമേ.
അങ്ങനെ, അദ്ദേഹത്തിന്റെ മാതൃകയാല്‍ ശക്തരായും
പ്രബോധനങ്ങളാല്‍ ഉദ്‌ബോധിതരായും
അങ്ങേ അവതീര്‍ണമായ വചനത്തോടുള്ള സ്‌നേഹത്താല്‍
ഞങ്ങള്‍ ആകര്‍ഷിക്കപ്പെടുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങ്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s