സങ്കീർത്തനങ്ങൾ, അദ്ധ്യായം 39
മനുഷ്യന്‍ നിഴല്‍മാത്രം
1 ഞാന്‍ പറഞ്ഞു: നാവുകൊണ്ടുപാപം ചെയ്യാതിരിക്കാന്‍ ഞാന്‍ എന്റെ വഴികള്‍ ശ്രദ്ധിക്കും; എന്റെ മുന്‍പില്‍ ദുഷ്ടര്‍ ഉള്ളിടത്തോളം കാലം നാവിനു ഞാന്‍ കടിഞ്ഞാണിടും.
2 ഞാന്‍ മൂകനും നിശ്ശബ്ദനുമായിരുന്നു; എന്റെ നിശ്ശബ്ദത നിഷ്ഫലമായി, എന്റെ സങ്കടം വര്‍ധിച്ചുകൊണ്ടേയിരുന്നു,
3 എന്റെ ഉള്ളില്‍ ഹൃദയം തപിച്ചു; ഞാന്‍ ചിന്തിച്ചപ്പോള്‍ അതു കത്തിജ്വലിച്ചു; ഞാന്‍ സംസാരിച്ചു:
4 കര്‍ത്താവേ, അവസാനമെന്തെന്നും എന്റെ ആയുസ്‌സിന്റെ ദൈര്‍ഘ്യംഎത്രയെന്നും എന്നെ അറിയിക്കണമേ! എന്റെ ജീവിതം എത്രക്ഷണികമാണെന്നു ഞാനറിയട്ടെ!
5 ഇതാ, അവിടുന്ന് എന്റെ ദിവസങ്ങള്‍ഏതാനും അംഗുലം മാത്രമാക്കിയിരിക്കുന്നു; എന്റെ ജീവിതകാലം അങ്ങയുടെദൃഷ്ടിയില്‍ ശൂന്യപ്രായമായിരിക്കുന്നു. മനുഷ്യന്‍ ഒരു നിശ്വാസം മാത്രം!
6 മനുഷ്യന്‍ നിഴല്‍ മാത്രമാണ്,അവന്റെ ബദ്ധപ്പാടു വെറുതെയാണ്, മനുഷ്യന്‍ സമ്പാദിച്ചുകൂട്ടുന്നു;ആരനുഭവിക്കുമെന്ന് അവന്‍ അറിയുന്നില്ല.
7 കര്‍ത്താവേ, ഞാന്‍ എന്താണുകാത്തിരിക്കേണ്ടത്? എന്റെ പ്രത്യാശ അങ്ങയിലാണല്ലോ.
8 എന്റെ എല്ലാ അതിക്രമങ്ങളിലുംനിന്ന്എന്നെ മോചിപ്പിക്കണമേ! എന്നെ ഭോഷന്റെ നിന്ദയ്ക്കുപാത്രമാക്കരുതേ!
9 ഞാന്‍ ഊമനാണ്; ഞാനെന്റെ വായ് തുറക്കുന്നില്ല; അവിടുന്നാണല്ലോ ഇതു വരുത്തിയത്.
10 ഇനിയും എന്നെ പ്രഹരിക്കരുതേ! അവിടുത്തെ അടിയേറ്റു ഞാന്‍ തളര്‍ന്നിരിക്കുന്നു.
11 പാപം നിമിത്തം മനുഷ്യനെ അങ്ങുശിക്ഷിക്കുമ്പോള്‍, അവനു പ്രിയങ്കരമായതിനെയെല്ലാം അവിടുന്നു കീടത്തെപ്പോലെ നശിപ്പിക്കുന്നു. മനുഷ്യന്‍ ഒരു നിശ്വാസം മാത്രം!
12 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ നിലവിളി ചെവിക്കൊള്ളണമേ! ഞാന്‍ കണ്ണീരൊഴുക്കുമ്പോള്‍ അങ്ങ്അടങ്ങിയിരിക്കരുതേ! ഞാന്‍ അങ്ങേക്ക് അല്‍പനേരത്തേക്കുമാത്രമുള്ള അതിഥിയാണ്; എന്റെ പിതാക്കന്‍മാരെപ്പോലെഞാനും ഒരു പരദേശിയാണ്.
13 ഞാന്‍ മറഞ്ഞില്ലാതാകുന്നതിനു മുന്‍പ്,സന്തോഷമെന്തെന്ന് അറിയാന്‍ എന്നില്‍നിന്നു ദൃഷ്ടി പിന്‍വലിക്കണമേ!
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment